ന്യൂഡൽഹി
തുടർച്ചയായി തിരിച്ചടി നേരിടുമ്പോഴും സംഘടനാതലത്തിൽ അഴിച്ചുപണിക്കോ മാറ്റത്തിനോ തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് വിമത വിഭാഗമായ ജി–-23 നേതാക്കൾ വീണ്ടും രംഗത്ത്. കോവിഡ് കാലത്ത് ജി–- 23 നേതാക്കളെ കണ്ടില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചതിന് മറുപടിയുമായാണ് നേതാക്കള് എത്തിയത്. വിമതസംഖ്യം രൂപീകരിച്ചതിന്റെ വാർഷികത്തിലാണ് വീണ്ടും വിമതശബ്ദമുയര്ന്നത്.
ഗുലാംനബി ആസാദ്, ആനന്ദ് ശർമ, മനീഷ് തിവാരി, കപിൽ സിബൽ തുടങ്ങിയ നേതാക്കൾ ചേർന്ന് കഴിഞ്ഞ ആഗസ്തിലാണ് ജി–-23 വിമത കൂട്ടായ്മ രൂപീകരിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും സമൂല അഴിച്ചുപണി വേണമെന്നും സോണിയ ഗാന്ധിക്കയച്ച കത്തില് ആവശ്യപ്പെട്ടു. തുടർന്ന്, അടിയന്തര പ്രവർത്തകസമിതി യോഗം ചേർന്ന് ജി–- 23 നേതാക്കളെ ഒറ്റപ്പെടുത്തി.
രാഷ്ട്രീയത്തിൽ ഓരോ ചുവടുവയ്പും ആലോചിച്ച് വേണമെന്ന് ഖാർഗെയ്ക്കുള്ള മറുപടിയായി കപിൽ സിബൽ പറഞ്ഞു. ഇന്ദിര ഗാന്ധിയുടെ കാലത്ത് പലരും കോണ്‍ഗ്രസ് വിട്ടപ്പോഴും സംഘടനയ്ക്ക് സംഭാവന നൽകിയവരാണ് തങ്ങളിൽ പലരും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രതിജ്ഞാബദ്ധനായ ആജീവനാന്ത കോൺഗ്രസുകാരനാണ് താന്നെന്ന് ഖാർഗെയെ വിമർശിച്ച് ആനന്ദ് ശർമ പറഞ്ഞു. അധ്യക്ഷയോട് ബഹുമാനമുണ്ട്. മറ്റ് വിവാദങ്ങളിൽ കഴമ്പില്ല–- ശർമ പറഞ്ഞു.
ഖാർഗെയുടെ വിമർശം ദൗർഭാഗ്യമാണെന്നും സഹപ്രവർത്തകരെ ബഹുമാനിക്കണമെന്നും ശശി തരൂർ പറഞ്ഞു. ഖാർഗെയോട് ബഹുമാനമുണ്ടെന്നും കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചാൽ പറയുമായിരുന്നുവെന്നും മനീഷ് തിവാരി പ്രതികരിച്ചു.–- തിവാരി പറഞ്ഞു.