ഗുരുവായൂർ
ദളിതനായതിന്റെ പേരിൽ കലാകാരനെ ഇറക്കിവിട്ട ഗുരുവായൂർ ക്ഷേത്രത്തിൽ തകിൽ വാദ്യത്തിൽ ക്ഷേത്ര അടിയന്തരക്കാരനായി ദളിത് കലാകാരനെ നിയമിച്ച് ഇടതുപക്ഷ സർക്കാർ. ഇനിമുതൽ എരുമപ്പെട്ടി കരുവന്നൂർ മേലേപുരയ്ക്കൽ സതീഷ് ഗുരുവായൂർ ക്ഷേത്രത്തിലെ തകിൽ വാദ്യത്തിൽ അടിയന്തരക്കാനായി വാദ്യാർച്ചന നടത്തും.സംസ്ഥാന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമനം നടത്തിയത്. ബോർഡിന്റെ ഉത്തരവ് കൈപ്പറ്റിയ സതീഷ് ക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിച്ചു.
ചരിത്രത്തിലാദ്യമായാണ് ഗുരുവായൂരിൽ വാദ്യ അടിയന്തര വിഭാഗത്തിൽ ദളിതനായ കലാകാരൻ ജോലിയിൽ പ്രവേശിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ മേളത്തിലും മറ്റും സവർണരിലെ തന്നെ ഉന്നത വിഭാഗങ്ങൾക്ക് മാത്രമാണ് ക്ഷേത്രത്തിനകത്ത് വാദ്യാർച്ചന നടത്താൻ അനുമതി ഉണ്ടായിരുന്നത്. ഇതിന് പരിഹാരം കാണണമെന്നും എല്ലാ വിഭാഗത്തിലേയും കലാകാരന്മാരെ ക്ഷേത്രവാദ്യത്തിൽ പങ്കെടുപ്പിക്കണമെന്നുമുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ മേളം അവതരിപ്പിച്ചതിന് 2014 ജനുവരിയിൽ ഇലത്താളകലാകാരനായ കല്ലൂർ ബാബുവിനെ ഇറക്കിവിട്ടത് വലിയ വിവാദമായിരുന്നു.രഹസ്യമായി വച്ച ഈ സംഭവം ദേശാഭിമാനിയാണ് അന്ന് പുറത്തു കൊണ്ടുവന്നത്.തുടർന്ന് പുരോഗമന കലാസാഹിത്യ സംഘവും ഡിവൈഎഫ്ഐയും വൻപ്രക്ഷോഭങ്ങളാണ് നടത്തിയത്. ക്ഷേത്രത്തിന് പുറത്ത് മേളമവതരിപ്പിച്ച കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോടിനെയും ജാതിയുടെ പേരിൽ അപമാനിച്ച് ഇറക്കിവിട്ടതുമുൾപ്പെടെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് ഇടതുപക്ഷ സർക്കാരും ദേവസ്വവും പ്രഖ്യാപിച്ചിരുന്നു.ഇതാണ് ഇപ്പോൾ യാഥാർഥ്യമായത്.