ന്യൂഡൽഹി
രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാർക്കും തൊഴിലാളികൾക്കും ലഭിക്കുന്ന ഉയർന്ന പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഫലമായി പിഎഫ് പെൻഷൻ കേസ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. 2016ലെ ആർ സി ഗുപ്ത കേസിലെ സുപ്രീംകോടതി വിധിയിൽ കേന്ദ്രവും ഇപിഎഫ്ഓയും സംശയങ്ങൾ പ്രകടമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ജസ്റ്റിസുമാരായ യു യു ലളിതും അജയ് രസ്തോഗിയും ഉൾപ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം. ഇതോടെ പിഎഫ് കേസ് വീണ്ടും അനന്തമായി നീളും.
2014ൽ മോദിസർക്കാർ അധികാരമേൽക്കുംവരെ യഥാർഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന് ജീവനക്കാർക്കും തൊഴിലാളികൾക്കും അർഹതയുണ്ടായിരുന്നു. 2014 സെപ്തംബറിൽ മോദി സർക്കാർ പിഎഫ് നിയമത്തിൽ ഭേദഗതി വരുത്തി. ഇതോടെ മാസം 15000 രൂപ പരിധിക്ക് അനുസൃതമായ പെൻഷനേ ലഭിക്കൂ. യഥാർഥ ശമ്പളത്തിന് അനുസൃതമായി വിഹിതം അടച്ചവർക്ക് അത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ആറുമാസമേ അനുവദിച്ചുള്ളൂ.
സെപ്തംബറിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ഉയർന്ന പെൻഷൻ അവകാശപ്പെടാനുള്ള അവസരവും ഇല്ലാതാക്കി. തൊഴിലുടമകളെ പ്രീതിപ്പെടുത്താനായിരുന്നു ഇത്. ഉയർന്ന പെൻഷൻ ഓപ്ഷൻ സ്വീകരിക്കാൻ ആറുമാസംമാത്രം സാവകാശം നൽകിയ സർക്കാർ നടപടി 2016ൽ ആർ സി ഗുപ്ത കേസിൽ സുപ്രീംകോടതി റദ്ദാക്കി. 2018ൽ കേരള ഹൈക്കോടതിയും 2014ലെ ഭേദഗതി റദ്ദാക്കി പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന വിഹിതം അടയ്ക്കാൻ തൊഴിലാളിക്കുള്ള അവകാശം ശരിവച്ചു. മറ്റു ചില ഹൈക്കോടതികളും സമാന ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ മോദി സർക്കാർ നൽകിയ അപ്പീൽ 2019ൽ സുപ്രീംകോടതി തള്ളി.
സർക്കാർ വീണ്ടും സമർപ്പിച്ച പുനഃപരിശോധന ഹർജിയിൽ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിൽ ഹർജി കേൾക്കാൻ അനുവദിച്ചു. കേസ് വിശാല ബെഞ്ചിന് വിട്ടുള്ള സുപ്രീംകോടതി ഉത്തരവ് ഈ ഹർജി പരിഗണിച്ചാണ്.