ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിലെ രണ്ട് എംപിമാരും മലയാളികളും ഉൾപ്പെടെ 392 പേരെ ഞായറാഴ്ച ഇന്ത്യയിൽ എത്തിച്ചു. മൂന്ന് പ്രത്യേക വിമാനത്തിലാണ് രക്ഷാദൗത്യം നടപ്പാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിൽനിന്ന് ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 590 ആയി. നാനൂറിലേറെ ഇന്ത്യക്കാർ അഫ്ഗാനിൽ കുടുങ്ങിയിട്ടുണ്ടെന്ന് കരുതുന്നു.
കാബൂൾ വിമാനത്താവള നിയന്ത്രണം ഏറ്റെടുത്ത അമേരിക്കയുമായും ഇതര സുഹൃദ് രാജ്യങ്ങളുമായും സഹകരിച്ചാണ് രക്ഷാപ്രവർത്തനമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. 107 ഇന്ത്യക്കാരും അഫ്ഗാൻ ഹിന്ദുക്കളും സിഖുകാരുമായ 23 പേരുമടക്കം 168 പേരെ കാബൂളിൽനിന്ന് വ്യോമസേനയുടെ സി–-17 ചരക്ക് വിമാനത്തിലാണ് ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ എത്തിച്ചത്. 87 ഇന്ത്യക്കാരും രണ്ട് നേപ്പാൾ പൗരന്മാരുമടങ്ങുന്ന സംഘത്തെ തജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷൻബേയിൽനിന്ന് ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. ഇവരെ വ്യോമസേനയുടെ 130ജെ വിമാനത്തിലാണ് അഫ്ഗാനിൽനിന്ന് ദുഷൻബേയിലേക്ക് മാറ്റിയത്. നേരത്തെ കാബൂളിൽനിന്ന് നാറ്റോ വിമാനങ്ങളിൽ ദോഹയിലേക്കു മാറ്റിയ 135 ഇന്ത്യക്കാരെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലും ഡൽഹിയിൽ എത്തിച്ചു. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിൽനിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്നവർ 590 ആയി.
ചെറുസംഘം ഇന്ത്യൻ ഉദ്യോഗസ്ഥരാണ് കാബൂളിൽ തങ്ങി ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുമെന്ന് വിദേശമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൗരന്മാരെക്കുറിച്ച് വിവരം ശേഖരിക്കുന്നതിനാണ് മുൻഗണന. പ്രത്യേക അഫ്ഗാനിസ്ഥാൻ സെല്ലുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അടിയന്തരമായി പങ്കിടാൻ ഇന്ത്യക്കാരോടും തൊഴിൽ ദാതാക്കളോടും മന്ത്രാലയം അഭ്യർഥിച്ചു. സെല്ലിന്റെ ആദ്യ അഞ്ചുദിനത്തിൽ രണ്ടായിരത്തിലധികം ഫോൺ കോൾ ലഭിച്ചു.
ഇന്ത്യയിൽ എത്തിയ 168 അംഗ സംഘത്തിൽ അഫ്ഗാൻ പാർലമെന്റ് അംഗങ്ങളായ അനാർക്കലി ഹൊനാർയാർ, നരേന്ദർ സിങ് ഖൽസ എന്നിവരുമുണ്ട്. 20 വർഷത്തിൽ കെട്ടിപ്പടുത്തയെല്ലാം നഷ്ടമായെന്ന് ഇന്ത്യയിൽ എത്തിയശേഷം ഖൽസ പ്രതികരിച്ചു. കരയാനേ കഴിയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രക്ഷപ്പെട്ടെത്തിയവരില്‍
കൈക്കുഞ്ഞുങ്ങളും
ഇന്ത്യന്‍ സഹായത്തോടെ അഫ്ഗാനില്‍ നടക്കുന്ന നിര്‍മാണപ്രവൃത്തികള്‍ക്കായി എത്തിയവരാണ് ഇപ്പോള്‍ തിരിച്ചെത്തിച ഇന്ത്യന്‍ പൗരന്മാരില് ഏറെയും. ഡാര്‍ജിലിങ്ങില്‍നിന്ന് പോയി അഫ്ഗാനില്‍ കുടുങ്ങിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്. വ്യോമസേനാ വിമാനത്തിലെ യാത്രക്കാരിൽ രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിനുള്ളില്‍ അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെ ലാളിക്കുന്ന പെണ്‍കുഞ്ഞിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.കാബൂളിൽനിന്ന് ജീവനോടെ പുറത്തുകടന്നതിന്റെ ആശ്വാസവും സന്തോഷവും ചില അഫ്ഗാൻ സ്ത്രീകളും പങ്കുവച്ചു. താലിബാൻ ഭീകരർ തന്റെ വീട് ചുട്ടെരിച്ചെന്നും രക്ഷയ്ക്കെത്തിയത് ഇന്ത്യക്കാരാണെന്നും ഒരു സ്ത്രീ പറഞ്ഞു.
മുഖ്യമന്ത്രി
അഭിനന്ദിച്ചു
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വിദേശമന്ത്രാലയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ശ്രമം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതിന് നന്ദി അറിയിക്കുന്നു. സഹായം ആവശ്യമുള്ള മലയാളികൾ നോർക്ക റൂട്ട്സിന്റെ മുഴുവൻസമയ അഫ്ഗാൻ സെല്ലുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.