നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 2.816 കിലോഗ്രാം സ്വർണം പിടിച്ചു. സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്നെത്തിയ കോഴിക്കോട് മടവൂർ മുട്ടഞ്ചേരി പെരുവേറ്റുചാലിൽ ഫഹദ്, ജിദ്ദയിൽനിന്നെത്തിയ കോഴിക്കോട് അമ്പലവയൽ സ്വദേശി അഖിൽ എന്നിവരിൽനിന്നാണ് എയർ കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. സ്വർണത്തിന് ഒന്നരക്കോടി രൂപ വിലവരും.
ഫഹദ് സ്പീക്കറിലും അഖിൽ മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് അഖിൽ മലദ്വാരത്തിൽ ഒളിപ്പിച്ചത്. ഫഹദിനെ ശനിയാഴ്ചയും അഖിലിനെ ഞായറാഴ്ചയുമാണ് പിടികൂടിയത്. ഇരുവരും സ്വർണക്കടത്തുസംഘത്തിൽ കണ്ണിയാണോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒരുമാസംമുമ്പും നെടുമ്പാശേരിയിൽ സ്വർണം പിടികൂടിയിരുന്നു.