റോം
അഫ്ഗാനിസ്ഥാനിൽ 1.4 കോടിയോളം ആളുകൾ കടുത്ത പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന. 20 ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും ലോക ഭക്ഷ്യ പദ്ധതി ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ആൻഡ്രൂ പാറ്റേഴ്സൺ പറഞ്ഞു. ഒരു പ്രവിശ്യാ തലസ്ഥാനത്തേക്കു മാത്രമാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം പുനരാരംഭിക്കാൻ താലിബാൻ അനുവദിച്ചത്. ഇപ്രകാരം, ഫൈസാബാദിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഒരു ട്രക്ക് എത്തും. കാണ്ഡഹാർ, ഹെറാത്ത്, ജലാലാബാദ് എന്നിവിടങ്ങളിലേക്ക് അനുവാദം ലഭിച്ചിട്ടില്ല–-പാറ്റേഴ്സൺ പറഞ്ഞു. അഫ്ഗാനുവേണ്ടി വിവിധ രാജ്യങ്ങൾ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം, ശുദ്ധജലം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കായി ഡച്ച് സർക്കാർ ഒരു കോടി യൂറോ (ഏകദേശം 86.97 കോടി രൂപ) അനുവദിച്ചു.