ദമ്മാം > നവോദയ സാംസ്കാരിക വേദി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദമ്മാം വനിതാ ഡിപോർട്ടേഷൻ സെന്ററിൽ കഴിയുന്ന എത്യോപ്യകാർക്ക് ബേബിഫുഡ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു. നവോദയ സാംസ്കാരിക വേദിയുടെ കാരുണ്യ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം.
ആവശ്യമായ രേഖകളില്ലാതെ സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ കഴിഞ്ഞിരുന്ന എത്യോപ്യൻ വംശജരായ ഇവർ കഴിഞ്ഞയാഴ്ച നടന്ന പരിശോധനകളിൽ നിയമലംഘന കുറ്റത്തിന് പിടിക്കപ്പെടുകയായിരുന്നു.
വിവിധ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് ബേബി ഫുഡ് കിട്ടാതെ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ട നവോദയ വെൽഫെയർ നേതൃത്വം ഇടപെട്ടാണ് കുഞ്ഞുങ്ങൾക്കും സ്ത്രികൾക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ നല്കിയത്. നവോദയ സാമൂഹിക വിഭാഗം ചെയർമാൻ ഇ എം കബീർ, നവോദയ കേന്ദ്ര സാമൂഹ്യക്ഷേമവിഭാഗം ജോയിന്റ് കൺവീനർ ഗഫൂർ, ഉണ്ണി ഗുരുവായൂർ, കുടുംബവേദി നേതാക്കളായ രഞ്ജിത് വടകര, ഹമീദ് നൈന, സുരയ്യ ഹമീദ്, ജോത്സന, ജസ്ന എന്നിവർ നേതൃത്വം നല്കി. സഹായങ്ങൾ ഡിപോർട്ടേഷൻ സെന്ററിൽ ഉദ്യോഗസ്ഥരായ അബ്ദുൾ റഹ്മാനും, ഹബീബും ചേര്ന്ന് ഏറ്റുവാങ്ങി. ലോക കേരളസഭ അംഗം നാസ്സ് വക്കം ചടങ്ങിൽ സന്നിഹിതനായിരുന്നു.