കവളങ്ങാട് > യൂത്ത് കോൺഗ്രസുകാർ പ്രതികളായ പോത്താനിക്കാട് സ്പിരിറ്റ് കേസിൽ ഒളിവിലായിരുന്ന പോത്താനിക്കാട് പള്ളയ്ക്കപറമ്പിൽ റെജിയെ (40) കോതമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നിരവധി സ്പിരിറ്റ് കേസുകളിലെ പ്രതിയായ റെജിയെ കോതമംഗലം ജനറൽ ആശുപത്രിക്ക് സമീപം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
2013 ൽ ശാസ്താംകോട്ട ഭാഗത്തുവെച്ച് 13 കന്നാസ് സ്പിരിറ്റ് കടത്തിയ കേസിൽ പ്രതിയായ ഇയാൾ നിലവിൽ പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ബോർഡ് അംഗമാണ്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ റെജിയെ റിമാൻഡ് ചെയ്തു.
ജൂൺ അഞ്ചിന് പോത്താനിക്കാട് ഭാഗത്ത് സ്പിരിറ്റ് കുപ്പികളിൽ നിറച്ച് ബൈക്കുകളിൽ വിൽപന നടത്തികൊണ്ടിരുന്ന നാൽവർ സംഘത്തിൽ പോത്താനിക്കാട് ഉന്നതുംവീട്ടിൽ ബിബിനെ (31) നാല് ലിറ്റർ സ്പിരിറ്റുമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ഇ ഷൈബുവിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. കൂടെയുണ്ടായിരുന്ന ജിതിൻ, റോമി, റെജി എന്നിവർ ഓടി രക്ഷപ്പെട്ടു. ഇതിൽ മൂന്നാംപ്രതി മണ്ണത്തുക്കാരൻ വീട്ടിൽ റോമി (34) ജൂലൈ ഒമ്പതിന് എക്സൈസ് ഓഫീസിലെത്തി കീഴടങ്ങി. കേസിൽ ജിതിൻ കൂടി പിടിയിലാകാനുണ്ട്. പാലാ, തൊടുപുഴ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി സിഐ എ ജോസ് പ്രതാപ് അറിയിച്ചു.