ന്യൂഡൽഹി
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ‘നീറ്റി’നേക്കാൾ ഉയർന്ന യോഗ്യതാ മാനദണ്ഡം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമോ എന്നതിൽ കേന്ദ്ര സർക്കാരിനും ദേശീയ മെഡിക്കൽ കമീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്ലസ്ടുവിന് അമ്പത് ശതമാനം മാർക്കാണ് നീറ്റ് പരീക്ഷയ്ക്ക് വേണ്ടത്. എന്നാൽ, അറുപത് ശതമാനം മാർക്ക് നിശ്ചയിച്ച്, പ്ലസ്ടു ആദ്യ അവസരത്തിൽത്തന്നെ പാസാകണമെന്നുള്ള അസം സർക്കാരിന്റെ നിബന്ധന ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ അസം സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നിലപാട് അറിയിക്കാൻ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എം ആർ ഷായും ഉൾപ്പെട്ട ബെഞ്ച് കേന്ദ്രത്തോടും മെഡിക്കൽ കമീഷനോടും ആവശ്യപ്പെട്ടത്.
നീറ്റ് എഴുതാനാവശ്യമായ യോഗ്യതാ മാർക്കിനേക്കാൾ കൂടിയ മാർക്ക് വാങ്ങിയില്ലെന്ന കാരണത്താൽ വിദ്യാർഥികൾക്ക് അവസരം നിഷേധിക്കാനാകുമോയെന്ന് കോടതി ആരാഞ്ഞു. മെഡിക്കൽ കൗൺസിൽ നിയമത്തിലെ 10 ഡി, മെഡിക്കൽ വിദ്യാഭ്യാസ നിയന്ത്രണ ചട്ടങ്ങളിലെ 33(എംബി) ഭേദഗതികൾ പ്രകാരം നീറ്റിന് ഏകീകൃത യോഗ്യതാ മാനദണ്ഡമാണെന്നും മെഡിക്കൽ കൗൺസിലിനാണ് അധികാരമെന്നും ചൂണ്ടിക്കാട്ടിയാണ് ഗുവാഹത്തി ഹൈക്കോടതി ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങൾ റദ്ദാക്കിയത്. എന്നാൽ, 2016ലെ മോഡേൺ ഡെന്റൽ കോളേജ് കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിപ്രകാരം യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് അസം സർക്കാരിനായി ഹാജരായ അഭിഭാഷകൻ മനീന്ദർ സിങ് അവകാശപ്പെട്ടു.