തിരുവനന്തപുരം
സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷ വർധിപ്പിക്കാൻ നിർമിത ബുദ്ധിയും. ജയിലിനുള്ളിലെ സുരക്ഷ, തടവുകാരുടെ ചലനം, പുറത്തുനിന്നുള്ള ഇടപെടൽ തുടങ്ങിയവ കണ്ടെത്താനാണ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ സെൻട്രൽ ജയിലുകളിലാകും പദ്ധതി നടപ്പാക്കുക.
പദ്ധതിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽവകുപ്പിലെ ഐടി വിഭാഗത്തെ ജയിൽ മേധാവി ഷേക് ദർവേഷ് സാഹബ് ചുമതലപ്പെടുത്തി. സെപ്തംബർ അഞ്ചിനകം ജയിൽ മേധാവിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് സാങ്കേതിക വിദഗ്ധരുമായി ചർച്ചചെയ്ത് അന്തിമ പദ്ധതി തയ്യാറാക്കും.
രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷയ്ക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിക്കുന്നത്. കേരളത്തിൽ സുരക്ഷയ്ക്കും മറ്റും പൊലീസ് നിലവിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നുണ്ട്.
ജയിലിൽ സിസിടിവി ക്യാമറ, മെറ്റൽ ഡിറ്റക്ടർ, ബാഗേജ് സ്കാനർ എന്നിവയാണ് സുരക്ഷയ്ക്ക് ഉപയോഗിക്കുന്നത്. എന്നിട്ടും ചില സുരുക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. സെല്ലിനകത്ത് മൊബൈൽ ഫോണും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത്തരം വിഷയത്തിനുള്ള പരിഹാരമായാണ് നിർമിത ബുദ്ധി ഉപയോഗിക്കുന്നത്. ജയിൽസുരക്ഷ വിലയിരുത്തുന്നതിനായി ജയിൽമേധാവിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് അത്യാധുനിക സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. പദ്ധതിക്കുള്ള ഫണ്ടിന് ആഭ്യന്തരവകുപ്പിനെ സമീപിക്കാനും തീരുമാനമായി.