മംഗളൂരു
ദക്ഷിണ കന്നടയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന 228 മലയാളി വിദ്യാർഥികൾക്ക് കോവിഡ്. പരീക്ഷയെഴുതാനായി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിവിധ ദിവസങ്ങളിലായി കേരളത്തിൽനിന്നെത്തിയ വിദ്യാർഥികളെ ഒരാഴ്ച കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. നെഗറ്റീവ് സർട്ടിഫിക്കററ് നിർബന്ധമാക്കിയതുമുതൽ മൂന്നുദിവസംവരെയുള്ള കണക്കാണിത്. കോവിഡ് ബാധിതർക്ക് പരീക്ഷ എഴുതാൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെത്തിയശേഷം രോഗ ബാധയേറ്റതാകാമെന്ന് ജില്ലാ ഡെപ്യൂട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു.
കർണാടകത്തിൽ വിവിധയിടങ്ങളിൽ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന സംഘമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മടിക്കേരിയിൽ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.