ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാല സമ്മേളനം കേന്ദ്ര സർക്കാരും ഭരണകക്ഷിയും ചേർന്ന് തടസ്സപ്പെടുത്തിയ രീതി അത്യന്തം അപലപനീയമാണെന്ന് 19 പ്രതിപക്ഷ പാർടികളുടെ യോഗം സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പെഗാസസ് ചാര സോഫ്റ്റ്വെയറിന്റെ നിയമവിരുദ്ധ ഉപയോഗം, കാർഷിക നിയമങ്ങൾ പിൻവലിക്കൽ, കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച, വിലക്കയറ്റം എന്നിങ്ങനെ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ ബോധപൂർവം തയ്യാറായില്ല.
പ്രതിപക്ഷ പ്രതിഷേധം തടയാൻ നിയോഗിച്ച മാർഷൽമാർ വനിതകളടക്കമുള്ള പ്രതിപക്ഷ എംപിമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പ്രതിഷേധത്തിന്റെ മറവിൽ സർക്കാർ ചർച്ചകൂടാതെ ബില്ലുകൾ പാസാക്കി. സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം നാട്യവും പൊള്ളയായ മുദ്രാവാക്യങ്ങളും തെറ്റിദ്ധരിപ്പിക്കലും മാത്രമായി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തൊട്ടില്ല. മുൻവർഷങ്ങളിലെ പ്രസംഗങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. ജനങ്ങളുടെ ദുരിതം തുടരുമെന്നതിന്റെ മുന്നറിയിപ്പാണ് ഇത്.
കോവിഡ് കൈകാര്യം ചെയ്തതിലെ പരാജയം രാജ്യത്ത് വൻ ദുരന്തം സൃഷ്ടിച്ചു. സർക്കാർ കണക്കിന്റെ അഞ്ചിരട്ടിയെങ്കിലും പേർ മരിച്ചിട്ടുണ്ടെന്നാണ് പല രാജ്യാന്തര, ദേശീയ ഏജൻസികളുടെയും നിഗമനം. കോവിഡ് മൂന്നാംതരംഗം തടയാൻ വേണ്ടത് വാക്സിനേഷന്റെ വേഗം കൂട്ടലാണ്. വാക്സിൻ ക്ഷാമമാണ് പ്രധാന പ്രശ്നം. വാക്സിൻ ലഭ്യതയിൽ ഒറ്റദിവസത്തിൽ മൂന്ന് വ്യത്യസ്ത കണക്കാണ് സർക്കാർ പാർലമെന്റിൽ നൽകിയത്–- സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.