ന്യൂഡൽഹി> മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാന് ഇന്ത്യയെ രക്ഷിക്കുക എന്ന ദൗത്യം ഒറ്റക്കെട്ടായി ഏറ്റെടുത്ത് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്. 11 അടിയന്തരാവശ്യമുന്നയിച്ച് സെപ്തംബർ 20 മുതൽ 30 വരെ രാജ്യവ്യാപക പ്രതിഷേധപരിപാടി സംഘടിപ്പിക്കാന് 19 പ്രതിപക്ഷപാർടികളുടെ യോഗം തീരുമാനിച്ചു. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ സർവശക്തിയും ഉപയോഗിച്ച് രംഗത്തിറങ്ങാൻ യോഗം ആഹ്വാനം ചെയ്തു. ധർണകൾ, പ്രതിഷേധപ്രകടനങ്ങൾ, ഹർത്താൽ എന്നിവ നടത്തും. ഓരോ സംസ്ഥാനത്തെയും കോവിഡ് സാഹചര്യവും സുരക്ഷാ മാനദണ്ഡവും അനുസരിച്ചാകും പ്രതിഷേധം.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ പ്രതിപക്ഷനേതാവ് തേജ്വസി യാദവ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. സമാജ്വാദി പാർടി പിന്തുണ അറിയിച്ച് കത്തുനൽകി.
■ 11 ആവശ്യം
● വാക്സിൻ ഉൽപ്പാദനം വർധിപ്പിക്കുക, ആഗോളതലത്തിൽ ലഭ്യമാകുന്ന വാക്സിൻ സംഭരിക്കുക, എല്ലാവർക്കും വാക്സിൻ നൽകുക, കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പൊതു ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുക.
● ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാർക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുക.
● പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിതമായ കേന്ദ്ര എക്സൈസ് തീരുവ പിൻവലിക്കുക.
● മൂന്ന് കാർഷികനിയമവും പിൻവലിക്കുക, കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക.
● പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും തൊഴിൽ കോഡുകളും പിൻവലിക്കുക, ന്യായമായ വേതനത്തിനായി വിലപേശാനുള്ള അവകാശം സംരക്ഷിക്കുക.
● ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളുടെ പുനരുദ്ധാരണ സാമ്പത്തിക പാക്കേജ് നടപ്പാക്കുക, വായ്പകളല്ല വേണ്ടത്.
● വേതനം ഇരട്ടിയാക്കി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ വർഷം 200 തൊഴിൽദിനം നൽകുക, നഗരങ്ങളിലും തൊഴിലുറപ്പുപദ്ധതി നടപ്പാക്കുക.
● വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേഗത്തിൽ തുറക്കാൻ അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും വാക്സിനേഷനിൽ മുൻഗണന നൽകുക.
● പെഗാസസ് ചാരവൃത്തിയിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. റഫേൽ യുദ്ധവിമാന ഇടപാടിൽ ഉന്നതതല അന്വേഷണം നടത്തുക.
● ഭീമ കൊറേഗാവ് കേസിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും യുഎപിഎ ചുമത്തപ്പെട്ട എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക. അഭിപ്രായപ്രകടന സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരിൽ ജയിലിൽ അടച്ച മാധ്യമപ്രവർത്തകരെ വിട്ടയക്കുക.
● ജമ്മു–-കശ്മീരിലെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക.
■ പ്രതിപക്ഷ ഐക്യം
സിപിഐ എം, സിപിഐ, കോൺഗ്രസ്, ടിഎംസി, ശിവസേന, ഡിഎംകെ, ജെഎംഎം, എൻസിപി, പിഡിപി, നാഷണൽ കോൺഫറൻസ്, ആർജെഡി, എൽജെഡി, ജെഡിഎസ്, ആർഎൽഡി, വിസികെ, എഐയുഡിഎഫ്, കേരള കോൺഗ്രസ് എം, ഐയുഎംഎൽ, ആർഎസ്പി