അയോധ്യ
രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ പണമുപയോഗിച്ച് ബിജെപി എംഎൽഎ അടക്കമുള്ളവർ സർക്കാർ ഭൂമി വാങ്ങി വൻ തട്ടിപ്പ് നടത്തിയെന്ന് പുരോഹിതന്റെ പരാതി. അയോധ്യയിലെ ഹനുമാൻ ഗഡി ക്ഷേത്രത്തിലെ പുരോഹിതൻ മഹന്ത് ധരം ദാസാണ് പൊലീസിന് പരാതി നൽകിയത്. രാമജന്മഭൂമി തീർഥ ട്രസ്റ്റ് അംഗങ്ങളും ഗോസായ്ഗഞ്ച് ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ് തിവാരി, അയോധ്യ മേയർ ഋഷികേശ് ഉപാധ്യായയുടെ അനന്തരവൻ ദീപ് നാരായൺ ഉപാധ്യായ, ഫൈസാബാദ് സബ് രജിസ്ട്രാർ എസ് ബി സിങ് തുടങ്ങിയവർക്കെതിരെയാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. മഹന്ത് ദേവേന്ദ്ര പ്രസാദാചാര്യയിൽനിന്ന് ഫെബ്രുവരിയിൽ 676 ചതുരശ്രമീറ്റർ സ്ഥലം 20 ലക്ഷം രൂപയ്ക്ക് ദീപ് നാരായൺ ഉപാധ്യായ വാങ്ങി. ഈ വസ്തു 2.5 കോടി രൂപയ്ക്ക് ക്ഷേത്ര ട്രസ്റ്റിന് മറിച്ചുവിറ്റു.
മതിപ്പുവില 35 ലക്ഷം മാത്രമാണ് ഇവിടുള്ളത്. ഇടപാടിന് എംഎൽഎയും ട്രസ്റ്റ് അംഗം അനിൽമിശ്രയും സാക്ഷികളായി. ഇടപാടിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നും ധരം ദാസ് പരാതിയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ രാജ്യം ഭരിച്ചാൽ മതിയെന്നും ക്ഷേത്ര ഭരണം അയോധ്യയിലെ പുരോഹിതരെ ഏൽപ്പിക്കണമെന്നും ധരം ദാസ് വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിനുവേണ്ടി സമാഹരിച്ച പണം ദുരുപയോഗിച്ച് ജനങ്ങളെ വഞ്ചിച്ചു. ഈ ട്രസ്റ്റ് അംഗങ്ങളെ പുറത്താക്കണമെന്നും ധരം ദാസ് ആവശ്യപ്പെട്ടു.