ന്യൂഡൽഹി
സുപ്രീംകോടതി ജഡ്ജിമാരായി ചില പേരുകൾ കൊളീജിയം ശുപാർശ ചെയ്തതായുള്ള മാധ്യമ ഊഹാപോഹങ്ങളിൽ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. ജഡ്ജി നിയമനം വിശുദ്ധമാണെന്നും അതിൽ പുലർത്തേണ്ട ചില മാന്യതകളുണ്ടെന്നും സുപ്രീംകോടതി ജഡ്ജി നവീൻ സിൻഹയുടെ യാത്രയയപ്പ് ചടങ്ങിൽ ചീഫ്ജസ്റ്റിസ് പറഞ്ഞു.
നിയമന പ്രക്രിയ പൂർത്തിയാകും മുമ്പ് ചില മാധ്യമങ്ങളിൽവന്ന റിപ്പോർട്ടുകൾ വിപരീത ഫലം സൃഷ്ടിച്ചേക്കാം. ഊഹാപോഹങ്ങളും നിരുത്തരവാദപരമായ റിപ്പോർട്ടിങും കാരണം അർഹമായ സ്ഥാനക്കയറ്റം ചില പ്രഗൽഭർക്ക് നഷ്ടമായിട്ടുണ്ട്. ഗൗരവമായ വിഷയങ്ങളിൽ സംയമനം പാലിച്ചും പക്വതയും ഉത്തരവാദിത്തവും പ്രകടമാക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അവരാണ് സുപ്രീംകോടതിയുടെയും ജനാധിപത്യത്തിന്റെയും ശക്തി. നിങ്ങൾ ഈ സ്ഥാപനത്തിന്റെ ഭാഗമാണ്. എല്ലാവരും കോടതിയുടെ സത്യസന്ധതയും അന്തസ്സും ഉയർത്തിപ്പിടിക്കണം–- ജസ്റ്റിസ് രമണ പറഞ്ഞു.
ശുപാർശയിൽ
3 വനിതകളടക്കം 9 പേർ
സുപ്രീംകോടതി ജഡ്ജിമാരായി മൂന്ന് വനിതകളടക്കം ഒമ്പത് പേരുകൾ ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ കൊളീജിയം കേന്ദ്രത്തിന് ശുപാർശ ചെയ്തതായി സുപ്രീംകോടതി പ്രസ്താവനയിൽ അറിയിച്ചു. കർണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബെല ത്രിവേദി എന്നിവരാണ് വനിതകൾ. കേന്ദ്രം അംഗീകരിച്ചാൽ 2027ൽ ഒരു മാസത്തേക്ക് ജസ്റ്റിസ് ബി വി നാഗരത്നയ്ക്ക് സുപ്രീംകോടതിയുടെ ആദ്യ വനിതാ ചീഫ്ജസ്റ്റിസാകാൻ അവസരമൊരുങ്ങും. മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹ, ഹൈക്കോടതി ജഡ്ജിമാരായ എ എസ് ഒക(കർണാടക), സി ടി രവികുമാർ(കേരള), വിക്രം നാഥ്(ഗുജറാത്ത് ), ജെ കെ മഹേശ്വരി(സിക്കിം ), എം എം സുന്ദരേഷ്(മദ്രാസ് ) എന്നിവരാണ് മറ്റുള്ളവർ.