കാബൂള്
താലിബാന് അധികാരം പിടിച്ചെടുത്തതിന് ശേഷം കാബൂളിൽ നിന്ന് 3,200ലധികംപേരെ ഒഴിപ്പിച്ചതായി യുഎസ് അറിയിച്ചു. 2,000 അഫ്ഗാൻകാരെ പ്രത്യേക കുടിയേറ്റക്കാരായി നേരത്തേതന്നെ അമേരിക്കയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒഴിപ്പിക്കല് നടപടികളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രതിസന്ധികളില് അയവുണ്ടായിട്ടുണ്ടെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് പ്രതികരിച്ചു. നിലവില് ആളുകള്ക്ക് വിമാനത്താവളങ്ങളിലേക്ക് എത്തിച്ചേരാൻ തടസ്സങ്ങളില്ല, ഈ സ്ഥിതി തുടരുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യോമമേഖലയില് സുരക്ഷ പുനസ്ഥാപിച്ചതിന് പിന്നാലെ രണ്ട് ദിവസത്തിനിടെ 62 വിമാനങ്ങള് കാബൂള് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോയെന്ന് തുര്ക്കി പ്രതിരോധ മന്ത്രി ഹുലുസി അകർ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തുര്ക്കി ഉൾപ്പെടുന്ന നാറ്റോ സേന പ്രവര്ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിദേശ പൗരൻമാരെയും നാറ്റോ സേനയിൽ പ്രവർത്തിച്ചിട്ടുള്ള അഫ്ഗാനികളെയും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാനുമായി ചര്ച്ച നടത്തേണ്ടത് ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത വിദേശനയപ്രതിനിധി ജോസെപ് ബോറല് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ സംഭവിച്ചത്പാശ്ചാത്യ ലോകത്തിന്റെയും പരാജയമാണെന്നത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരെ ഒഴിപ്പിക്കുന്നത് സുഗമമാക്കാന് 600 സൈനികരെ കാബൂളിലേക്ക് അയക്കുമെന്ന് ജർമനി അറിയിച്ചു. അഫ്ഗാൻകാരടക്കം 26 പേരുമായി കാബൂളില് നിന്ന് ആദ്യ വിമാനം രാജ്യത്തെത്തിയതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് പറഞ്ഞു.
സ്ത്രീകൾക്കായി രാഷ്ട്രാന്തര പ്രസ്താവന
അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കി. അമേരിക്കയ്ക്കും ബ്രിട്ടനും പുറമെ, 18 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഒപ്പിട്ട പ്രസ്താവന അമേരിക്കൻ വിദേശ മന്ത്രാലയമാണ് പുറത്തുവിട്ടത്.സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ, തൊഴിൽ, യാത്രാ സ്വാതന്ത്ര്യം ഹനിക്കരുതെന്നും ഒരുതരത്തിലുള്ള വിവേചനവും അതിക്രമവും പാടില്ലെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.