ന്യൂഡൽഹി
നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന പരീക്ഷയെഴുതാൻ പെൺകുട്ടികൾക്കുകൂടി അനുമതി നൽകി സുപ്രീംകോടതി. സെപ്തംബർ അഞ്ചിനാണ് പ്രവേശന പരീക്ഷ. പ്ലസ്ടു പാസായ ആൺകുട്ടികൾക്ക് മാത്രമായിരുന്നു നേരത്തെ അവസരമുണ്ടായിരുന്നത്. പെൺകുട്ടികൾക്കുകൂടി അവസരം നൽകി പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിക്കാനും വിപുലമായി പരസ്യപ്പെടുത്താനും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും ഋഷികേഷ് റോയിയും ഉൾപ്പെട്ട ബെഞ്ച് യുപിഎസ്സിക്ക് നിർദേശം നൽകി.
പെൺകുട്ടികൾക്ക് എൻഡിഎ പരീക്ഷയെഴുതാൻ അവസരം നൽകാത്തത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കുശ് കൽറ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്. പരീക്ഷാഫലം കേസിലെ അന്തിമവിധിക്ക് അനുസൃതമായി തീരുമാനിക്കും. നയപരമായ വിഷയമാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും കേന്ദ്രം എതിർസത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കുശ് കൽറയ്ക്കായി ഹാജരായ അഭിഭാഷകൻ ചിൻമയ് പ്രദീപ് ഇത് ചൂണ്ടിക്കാട്ടിയപ്പോൾ കരസേനയുടെ നിലപാടിനെ കോടതി നിശിതമായി വിമർശിച്ചു.
കരസേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമീഷൻ നൽകാൻ ഉത്തരവിട്ടിട്ടും സേനയുടെ സ്ത്രീവിരുദ്ധതയിൽ മാറ്റമുണ്ടാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി നിർദേശിക്കുമ്പോൾ മാത്രമാണ് കരസേന പ്രവർത്തിക്കുന്നത്. സ്വന്തം നിലയ്ക്ക് ഒന്നും ചെയ്യുന്നില്ല–- കോടതി വിമർശിച്ചു.
ഇന്ത്യൻ മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി വഴിയും കരസേനയിൽ പ്രവേശിക്കാമെന്നും എൻഡിഎ പരീക്ഷയ്ക്ക് മാത്രമാണ് പെൺകുട്ടികൾക്ക് വിലക്കുള്ളതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി വാദിച്ചു. രാജ്യസുരക്ഷ, നയപരമായ വിഷയം തുടങ്ങിയ എഎസ്ജിയുടെ വാദമുഖങ്ങളും കോടതി അംഗീകരിച്ചില്ല. ലിംഗ സമത്വമെന്ന വിശാല തത്വം മനസ്സിലാക്കണമെന്നും എപ്പോഴും ഇടപെടലിന് നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.