ന്യൂഡൽഹി > സുപ്രീം കോടതി ജഡ്ജിമാർക്കുള്ള കൊളീജിയം ശുപാർശ പട്ടികയിൽ ഇത്തവണയും സീനിയര് ജഡ്ജിയായ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില് ഖുറേഷി ഇല്ല. 2010ൽ സൊഹ്റാബുദീൻ ഷെയ്ക്ക് വ്യാജഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിറക്കിയ ജഡ്ജിയാണ് ജസ്റ്റിസ് അകിൽ ഖുറേഷി. ലോകായുക്ത കേസിൽ ഗുജറാത്ത് സർക്കാരിന് വൻ തിരിച്ചടിയായ ഉത്തരവ് പുറപ്പെടുവിച്ചതും അദ്ദേഹമാണ്.
ഖുറേഷിയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന ശുപാര്ശയേയും കേന്ദ്രസര്ക്കാര് എതിര്ത്തിരുന്നു. പിന്നീടാണ് അദ്ദേഹത്തെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. ജസ്റ്റിസ് അകിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്രസർക്കാരിന് താൽപ്പര്യമില്ലായിരുന്നു. അതിനാൽ കൊളീജിയം ശുപാർശയിൽ തീരുമാനം എടുക്കാതെ മാസങ്ങളോളം ഫയൽ പിടിച്ചുവച്ച സംഭവവും വിവാദമായിരുന്നു. നേരത്തെ കൊളീജിയത്തിലുണ്ടായിരുന്ന, വിരമിച്ച സുപ്രീംകോടതി ജഡ്ജി ആര് എഫ് നരിമാന് ജസ്റ്റിസ് ഖുറേഷിയെയും ജസ്റ്റിസ് ഓഖയെയും സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന് നിര്ബന്ധം പിടിച്ചിരുന്നു.
കേന്ദ്ര സർക്കാരിനും ഭരണപക്ഷത്തിനും താൽപ്പര്യമുള്ള കേസുകളിൽ നിർഭയ നിലപാട് സ്വീകരിച്ച ന്യായാധിപർ പലരീതിയിൽ വേട്ടയാടപ്പെടുകയാണെന്ന് അഭിഭാഷക സമൂഹം ചൂണ്ടിക്കാട്ടുന്നു.