ന്യൂഡൽഹി > അഫ്ഗാനിസ്ഥാൻ ജനത സമാധാനപൂർണവും സുസ്ഥിരവുമായ അന്തരീക്ഷത്തിൽ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ മേഖലയിലെ ഇതര പ്രധാനശക്തികളുമായി ചേർന്ന് ഇന്ത്യ പ്രവർത്തിക്കണമെന്ന് സിപിഐ എമ്മും സിപിഐയും സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണം.
അഫ്ഗാനിസ്ഥാനിൽ അപമാനകരമായ പരാജയമാണ് അമേരിക്കയ്ക്ക് സംഭവിച്ചത്. 20 വർഷം മുമ്പ് അട്ടിമറിക്കപ്പെട്ട താലിബാൻഭരണം അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയിരിക്കുന്നു. അഷ്റഫ് ഗനി സർക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകർച്ച അവിടെ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ചേർന്ന് സ്ഥാപിച്ച ഭരണസംവിധാനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. അമേരിക്കയെ അന്ധമായി പിന്തുടർന്നുള്ള അഫ്ഗാൻനയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. ഇതേതുടർന്ന് മേഖലയിൽ ഒറ്റപ്പെടുകയും മുന്നിലുള്ള വഴികൾ ചുരുങ്ങുകയും ചെയ്തു.
മുമ്പുണ്ടായിരുന്ന താലിബാൻ സർക്കാർ തികച്ചും മൗലികവാദപരമായ സമീപനമാണ് സ്വീകരിച്ചത്; സ്ത്രീകൾക്കും പെൺകുട്ടികൾക്കും വംശീയ ന്യൂനപക്ഷങ്ങൾക്കും അത് വിനാശകരമായി. പുതുതായി നിയന്ത്രണം ഏറ്റെടുത്ത താലിബാൻ സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും അർഹമായ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. അൽ ഖായിദ, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാൻ മാറരുതെന്നാണ് രാജ്യാന്തരസമൂഹം ആഗ്രഹിക്കുന്നത്. 16നു ചേർന്ന യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം കൂട്ടായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് – സംയുക്തപ്രസ്താവനയിൽ പറഞ്ഞു.