ന്യൂഡല്‍ഹി > ഒരുവര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ജനപിന്തുണ കുത്തനെ ഇടിഞ്ഞതായി ഇന്ത്യാടുഡേ സര്‍വേ. 66 ശതമാനത്തില്‍ നിന്ന് 24 ശതമാനമായാണ് കുറഞ്ഞത്. 2020 ആഗസ്തില്‍ നടത്തിയ സര്‍വേയിലാണ് 66 ശതമാനം പിന്തുണ ഉണ്ടായിരുന്നത്. മൂഡ് ഓഫ് ദി നേഷന്‍ എന്നാ പേരിലുള്ള സര്‍വേയുടെ വിശദാംശങ്ങള്‍ ഇന്ത്യാടുഡേ പുറത്തുവിട്ടു.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുമാണ് മോദിക്കെതിരായ ഘടകങ്ങള്‍ എന്ന് സര്‍വേ പറയുന്നു.തൊഴിലില്ലായ്മയും വിലക്കയറ്റവും പലരും കാരണമായി ചൂണ്ടിക്കാട്ടുന്നു. മോദി രാജ്യത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നവരാണ് 60 ശതമാനം പേരും. ഇന്ത്യാടുഡേ മുന്‍ സര്‍വെയില്‍ ഇങ്ങനെ കരുതുന്നവര്‍ 35% മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അഭിപ്രായം അനുസരിച്ചുള്ള മികച്ച മുഖ്യമന്ത്രിമാരില്‍ ആദ്യമൂന്നു സ്ഥാനങ്ങളില്‍ എം കെ സ്റ്റാലിന് ( തമിഴ്നാട്), നവീന്‍ പട്നായിക്ക് (ഒഡിഷ), പിണറായി വിജയന് (കേരളം )എന്നിവരുണ്ട് . തെരഞ്ഞെടുപ്പ് അടുത്ത യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശിലെ 29% പേര് മാത്രമേ യോഗിയെ അംഗീകരിയ്ക്കുന്നുള്ളൂ.