വാഷിങ്ടൻ > കാബൂളിൽ പൗരന്മാരെ ഒഴിപ്പിക്കാൻ ആവശ്യമായ സാധനങ്ങളുമായി എത്തിയ യുഎസ് വ്യോമസേന സി 17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ നിന്നുവീണ് നിരവധി പേർ മരിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിൽ എയർപോർട്ടിലേക്ക് ഇരച്ചെത്തിയ അഫ്ഗാൻ പൗരന്മാർ പിടിച്ചുകയറുന്നതും. പറന്നുയർന്ന വിമാനത്തിൽ നിന്ന് ആളുകൾ നിലത്ത് വീഴുന്നതുമായ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഒഴിപ്പിക്കാനാവശ്യമായ സാധനങ്ങളുമായി എത്തിയെങ്കിലും ജനത്തിരക്കേറിയതോടെ ചരക്കിറക്കാതെ വിമാനം മടങ്ങുകയായിരുന്നു. ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് ടയറിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ മരിച്ചുവെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. മനുഷ്യജീവന് വില കൽപ്പിക്കാതെ വിമാനം പറത്തിയതിൽ ചട്ട ലംഘനം നടന്നോയെന്ന് പരിശോധിക്കാൻ അമേരിക്കൻ വ്യേമസേന അന്വേഷണം പ്രഖ്യാപിച്ചു.