ന്യൂഡൽഹി > സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഭർത്താവ് ശശി തരൂര്‍ എംപിക്കെതിരെ തെളിവില്ലെന്ന് വിചാരണ കോടതി. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവായി. പ്രതിപട്ടികയിൽനിന്ന് ശശി തരൂരിനെ ഒഴിവാക്കി.
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഡല്‍ഹി പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി തള്ളി.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.