ന്യൂഡൽഹി
ജഡ്ജിമാരുടെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കണം. അല്ലെങ്കിൽ ചീഫ്സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന് ചീഫ്ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ജാർഖണ്ഡില്‍ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദ് കൊല്ലപ്പെട്ടതില്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി. ജഡ്ജിമാരുടെ സുരക്ഷയ്ക്കുള്ള നടപടികള്‍ വിശദീകരിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. അതേസമയം, ജഡ്ജിമാരുടെ സുരക്ഷയ്ക്കായി ദേശീയ തലത്തിൽ പ്രത്യേക സേന എന്നത് പ്രായോഗികമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തിൽ കേന്ദ്രത്തിനാണ് കൂടുതൽ ചെയ്യാനാകുകയെന്നും ഡിജിപിമാരുടെയും മറ്റും യോഗം വിളിക്കാൻ കേന്ദ്രത്തിനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണിത്. ഒഴിഞ്ഞുമാറുന്നതിൽ അർഥമില്ല–- മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.