ന്യൂഡൽഹി
കാബൂൾ എംബസിയിൽനിന്ന് ഇന്ത്യൻ എംബസിജീവനക്കാരെ ഒഴിപ്പിച്ചത് അമേരിക്കൻ, റഷ്യൻ ഏജൻസികളുടെ സഹായത്തോടെ. രണ്ട് വ്യോമസേനാ വിമാനത്തിലാണ് ഇരുന്നോറോളം ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചത്. 36 മണിക്കൂറോളം ഇവരെ താലിബാൻ തടഞ്ഞുവച്ചു. നൂറോളം ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനാംഗങ്ങളെ നാട്ടിൽ എത്തിക്കാനായെങ്കിലും ഇവരുടെ ആയുധങ്ങളും കവചിത വാഹനങ്ങളും കാബൂൾ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കേണ്ടിവന്നു. എംബസിയുടെ പ്രവർത്തനം പൂർണമായി നിര്ത്തി. ഇന്ത്യൻ സ്ഥാനപതി രുദ്രേന്ദ ഠണ്ടൻ അടക്കമുള്ളവർ ചൊവ്വാഴ്ച രാവിലെ വ്യോമസേനാ വിമാനത്തിൽ മടങ്ങി.
എംബസി ജീവനക്കാരെ വിമാനത്താവളത്തിൽ എത്തിക്കാനാണ് റഷ്യന് സഹായം ലഭിച്ചതെന്ന് വിദേശമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. വിമാനത്താവളത്തിൽനിന്ന് ഇവരെ കയറ്റിവിടാൻ അമേരിക്കൻ ഉദ്യോഗസ്ഥര് സഹായിച്ചു. കാബൂൾ വിമാനത്താവളം അമേരിക്കന് നിയന്ത്രണത്തിലാണ്. അഫ്ഗാന് സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി ചേർന്നു. കാബൂളിലെ യുഎസ് എംബസി ജീവനക്കാരായ ഒമ്പത് ഇന്ത്യക്കാരെയും 118 നേപ്പാളികളെയും ഖത്തര്എയര് വിമാനത്തില് കാഠ്മണ്ഡുവില് എത്തിച്ചു.