കോഴിക്കോട്
അശ്ലീലം പറഞ്ഞ എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകിയ പെൺകുട്ടികൾക്കെതിരെ അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ്. എംഎസ്എഫിന്റെ വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചതായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം വാർത്തക്കുറിപ്പിൽ പറഞ്ഞു.
പരാതി പിൻവലിക്കണമെന്ന് ലീഗ് നേതാക്കൾ ‘ഹരിത’ ഭാരവാഹികൾക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ഇവർ തയ്യാറായില്ല. അനുനയവും ഭീഷണിയും ഫലിക്കാതെ വന്നതോടെയാണ് നടപടി. വിവാദം പൊതുസമൂഹത്തിൽ എത്തിച്ച് അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് വിലക്ക്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവരോട് വിശദീകരണം തേടും. ഹരിത നേതാക്കളുടെ പരാതിയിലാണിത്. സംസ്ഥാന പ്രസിഡന്റിനെതിരെ നടപടിവേണമെന്ന് എംഎസ്എഫ് അഖിലേന്ത്യകമ്മറ്റി ശുപാർശ ചെയ്തുവെന്ന റിപ്പോർട്ട് പുറത്തുവന്നു. എംഎസ്എഫ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത ഭാരവാഹികളോട് അശ്ലീലം പറഞ്ഞതായാണ് പരാതി.
മകൾക്കെതിരെ
അപവാദ പ്രചാരണം;
ലീഗ് നേതാവ് രാജിവച്ചു
മകളെ അധിക്ഷേപിച്ച എംഎസ്എഫ് നേതാവിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നേതാവ് പാർടി വിട്ടു. ലീഗ് എടയൂർ പഞ്ചായത്ത് സെക്രട്ടറി ബഷീർ കലമ്പനാണ് രാജിവച്ചത്. എംഎസ്എഫ് വനിതാ വിഭാഗമായ ‘ഹരിത’ നേതാവ് ആഷിഖ ഖാനത്തിന്റെ ബാപ്പയാണ്. മക്കളുടെ മാനത്തിന് വില പറയുന്നവരെപ്പോലും താങ്ങുന്ന നേതൃത്വത്തിനുകീഴിൽ ഇനിയും കൊടിപിടിക്കാൻ ലജ്ജയുണ്ടെന്ന് ബഷീർ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഹരിത’ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി ജൂണിൽ ആഷിഖ ഖാനത്തെ തെരഞ്ഞെടുത്തെങ്കിലും ലീഗ്, എംഎസ്എഫ് ജില്ലാ നേതൃത്വം അട്ടിമറിച്ചു. ബാപ്പ രാഷ്ട്രീയം വിലക്കിയതിനാലാണ് ആഷിഖയെ ഒഴിവാക്കിയതെന്നായിരുന്നു എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിന്റെ വിശദീകരണം. കബീറിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലും അപവാദം പ്രചരിപ്പിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് പി എം സാദിഖലി ശിഹാബ് തങ്ങളുൾപ്പെടെയുള്ള നേതാക്കൾക്ക് ബഷീർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ആഷിഖയെ മോശമായി ചിത്രീകരിക്കുന്ന കബീറിന്റെ ശബ്ദസന്ദേശം ചാനലിലും വന്നു. തുടർന്നാണ് ബഷീറിന്റെ രാജി.