കോയമ്പത്തൂർ
താലിബാൻ അഫ്ഗാനിസ്ഥാൻ കൈയടക്കുംമുമ്പ് ഇന്ത്യക്കാരെ അവിടെനിന്ന് രക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കണമായിരുന്നു. അഫ്ഗാൻ വ്യോമമേഖലയിൽ ഇതിനുശേഷം യാത്രസാധ്യമല്ലാതായി. അവിടത്തെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ വ്യക്തമാക്കണം.
പല രാജ്യവും അടുത്ത പത്തു ദിവസത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കി പൗരൻമാരെ രക്ഷിച്ചുകൊണ്ടുപോയി. സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു യെച്ചൂരി. പെഗാസസ് ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്ന് സമ്മതിക്കുന്ന പ്രതികരണമാണ് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.