കാബൂൾ
അഫ്ഗാനിസ്ഥാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. മുൻ സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചവർക്ക് മാപ്പ് നൽകും. എന്നാൽ, ചിലയിടങ്ങളിൽ ഉന്നതർ ഉൾപ്പെടെയുള്ളവരുടെ പട്ടികയുമായി തെരച്ചിൽ തുടർന്നു. സ്ത്രീകളോട് സർക്കാരിന്റെ ഭാഗമാകാനും ആവശ്യപ്പെട്ടു. 1996ലെ ക്രൂരമുഖം വെടിഞ്ഞ് മിതവാദി പ്രതിച്ഛായയുണ്ടാക്കാനുള്ള ശ്രമത്തിലാണ് പ്രഖ്യാപനങ്ങൾ. താലിബാനെ സംശയത്തോടെ കാണുകയും ഭയന്ന് നാടുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന ജനങ്ങളുടെ വിശ്വാസമാർജിക്കാനാണ് ശ്രമം.
നാൽപ്പത് വർഷമായി അഫ്ഗാനിൽ നിലനിന്ന പ്രതിസന്ധിയുടെ പ്രധാന ഇരകളായിരുന്നു സ്ത്രീകൾ. അവർ ഇനിയും ഇരയാക്കപ്പെടണമെന്ന് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഇസ്ലാമിക നിയമത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും അനുസൃതമായി സ്ത്രീകളെ വിവിധ സ്ഥാനങ്ങളിൽ സർക്കാരിന്റെ ഭാഗമാക്കും’–- താലിബാന്റെ സാംസ്കാരിക കമീഷൻ അംഗം ഇമാനുള്ള സമൻഗാനി പറഞ്ഞു. ഇസ്ലാമിക നിയമവും സാംസ്കാരിക മൂല്യങ്ങളും എന്തെന്ന് വിശദമാക്കിയില്ല. ഇതിനിടെ വനിതകളെ പൊതുരംഗത്തുനിന്ന് മാറ്റിനിർത്തരുതെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ കാബൂളിൽ പ്രകടനം നടത്തി.