ന്യൂഡൽഹി
പെഗാസസ് ചാരവൃത്തിയില് വ്യക്തമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറി കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലം മതിയായ വിശദീകരണമാണെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി. സമഗ്രമായ മറുപടിയാണ് കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രഗത്ഭരായ വ്യക്തികളുടെ അടക്കം ഫോണ് ചോർത്തിയെന്ന പരാതി ഗൗരവമുള്ളതാണ്. ഫോൺ ചോർത്താൻ ചട്ടപ്രകാരം അനുമതി വാങ്ങണം. ഈ അധികാരം കൈയാളുന്നവർ സത്യവാങ്മൂലം നൽകുന്നതിൽ എന്താണ് കുഴപ്പം–-കോടതി ചോദിച്ചു. പത്ത് ദിവസത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കും. കൂടുതൽ വിവരം വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സോളിസിറ്റര് ജനറല് വാദമുയര്ത്തിയപ്പോള് കോടതിയുടെ മുന്നിലുള്ളത് വ്യത്യസ്ത വിഷയമാണെന്ന് ബെഞ്ച് പ്രതികരിച്ചു. ഫോണ് ചോർത്തിയെന്ന് സാധാരണക്കാർ പരാതിപ്പെടുന്നു. ചട്ടപ്രകാരം സർക്കാരിന് അധികാരമുള്ള കാര്യങ്ങളുണ്ട്. അക്കാര്യത്തിൽ ആഭ്യന്തരസെക്രട്ടറിക്ക് വിശദീകരണം നൽകാം. രാജ്യസുരക്ഷയെ ബാധിക്കാത്തവിധം എന്തൊക്കെ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്രത്തിന് തീരുമാനിക്കാം–-ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരുമടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം തേടി രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് നടപടി. ബ്രിട്ടാസിനുവേണ്ടി മീനാക്ഷി അറോറ, എൻ റാം, ശശികുമാർ എന്നിവർക്കുവേണ്ടി കപിൽ സിബൽ, പരൻജോയ് ഗുഹ തക്കുർത്തയ്ക്കുവേണ്ടി ദിനേഷ് ദ്വിവേദി എന്നിവർ ഹാജരായി.