ഐക്യരാഷ്ട്ര കേന്ദ്രം
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാലിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സംഘടന. മുൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് നൽകുന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളെ മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംശയത്തോടെയാണ് അഫ്ഗാൻ ജനത വീക്ഷിക്കുന്നത്.
ലോകത്തിന്റെ കർശന നിരീക്ഷണത്തിലാണ് താലിബാന്റെ നടപടികളെന്നും യുഎൻ മനുഷ്യാവകാശ വക്താവ് റുപേർട്ട് കോൾവിൽ ജനീവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷാസമിതി യോഗത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, അഷ്റഫ് ഗനി സർക്കാരിന്റെ കാലത്തേതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ് താലിബാൻ നയിക്കുന്ന അഫ്ഗാനിസ്ഥാനെന്ന് റഷ്യ പറഞ്ഞു. റഷ്യൻ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഭരണാധികാരികളെ ബന്ധപ്പെട്ടെന്ന് റഷ്യൻ വിദേശമന്ത്രാലയം അറിയിച്ചു. 2003ൽ റഷ്യൻ സുപ്രീംകോടതി താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടാം രക്ഷാസമിതി യോഗത്തിലും പാകിസ്ഥാനെ പങ്കെടുപ്പിക്കാഞ്ഞതിനെ ചൈന വിമർശിച്ചു. അഫ്ഗാന്റെ ഏറ്റവും പ്രധാന അയൽരാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നിൽ ചൈനയുടെ ഉപ സ്ഥാനപതിയായ ഗെങ് ഷുവാങ് പറഞ്ഞു. തങ്ങളെ വിളിക്കാതെ, പുറത്താക്കപ്പെട്ട അഫ്ഗാൻ സർക്കാർ നിയമിച്ച പ്രതിനിധിക്ക് അവസരം നൽകിയത് ഉചിതമായില്ലെന്ന് പാക് സ്ഥാനപതി മുനീർ അക്രം പറഞ്ഞു.