ഐക്യരാഷ്ട്ര കേന്ദ്രം
അഫ്ഗാനിലെ സാഹചര്യം അയൽരാജ്യം എന്ന നിലയിൽ ഏറെ ആശങ്കപ്പെടുത്തുന്നെന്ന് യുഎൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ രക്ഷാസമിതിയും അന്താരാഷ്ട്ര സമൂഹവും ഇടപെടണം. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം. എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം ഉറപ്പാക്കണം–- യുഎന്നിലെ ഇന്ത്യൻ സ്ഥാനപതി ടി എസ് തിരുമൂർത്തി പറഞ്ഞു.
ഇന്ത്യയുടെ അധ്യക്ഷതയിൽ പത്തുദിവസത്തിനുള്ളിൽ രണ്ടാംതവണയാണ് അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ രക്ഷാസമിതി യോഗം ചേരുന്നത്. അഫ്ഗാനിസ്ഥാനിൽ ഭീകരവാദം ഒരിക്കലും വേരൂന്നില്ലെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പാക്കണമെന്ന് അമേരിക്ക പറഞ്ഞു. അവിടെനിന്ന് രക്ഷപ്പെട്ടെത്തുന്നവർക്ക് അയൽ രാജ്യങ്ങളിലും മറ്റ് രജ്യങ്ങളിലും അഭയം നൽകണമെന്നും അമേരിക്കൻ സ്ഥാനപതി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
പരസ്പരം പഴിചാരാൻ ഇനി നേരമില്ലെന്നു പറഞ്ഞ അഫ്ഗാൻ സ്ഥാനപതി ഗുലാം ഇസക്സായി, ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചവരെ അംഗീകരിക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറലിനോട് അഭ്യർഥിച്ചു. രാജ്യത്ത് വെടിനിർത്തലിനും സമാധാനം പുനഃസ്ഥാപിക്കാനും രക്ഷാസമിതി ആഹ്വാനം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ യുഎന്നിനെ രാഷ്ട്രീയ താൽപര്യത്തിന് ഉപയോഗിക്കുകയാണെന്നും തങ്ങളുടെ അഭിപ്രായം അറിയിക്കാൻ അനുവദിച്ചില്ലെന്നും പാക് വിദേശമന്ത്രി ട്വിറ്ററിലൂടെ ആരോപിച്ചു. അഫ്ഗാൻ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ വിദേശമന്ത്രിമാർ ചൊവ്വാഴ്ച യോഗം ചേരും.