കാബൂൾ
അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് സർക്കാർ അട്ടിമറിക്കപ്പെട്ടതിനുശേഷം രാജ്യത്തുണ്ടായ അസ്ഥിരത മുതലെടുത്താണ് താലിബാന്റെ തുടക്കം. 1994 സെപ്തംബറിൽ പഷ്തൂൺ ഗോത്രത്തിലെ 50 വിദ്യാർഥികളെ സംഘടിപ്പിച്ചാണ് മുല്ല മുഹമ്മദ് ഒമർ തന്റെ ജന്മനാടായ കാണ്ഡഹാറിൽ താലിബാൻ എന്നപേരിൽ സംഘടന രൂപീകരിച്ചത്. ഇതിന് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെയും പാകിസ്ഥാന്റെ ഐഎസ്ഐയുടെയും പൂർണ പിന്തുണയുമുണ്ടായിരുന്നു. വിദ്യാർഥികളെല്ലാംതന്നെ പാക് മദ്രസകളിൽ പഠിച്ചവരായിരുന്നു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ ഭൂരിഭാഗവും പഷ്തൂൺ വിഭാഗക്കാരാണ്. പാകിസ്ഥാനിലെ വടക്ക്, പടിഞ്ഞാറ് മേഖലകളിലെ പ്രധാന വിഭാഗമാണ് ഇവർ.
നാലു വർഷമായി (1992–-1996) അധികാരത്തിലുള്ള മുജാഹിദീൻ സർക്കാരിലെ തമ്മിലടി മുതലെടുത്ത് സ്ഥിരതയും നിയമവാഴ്ചയും നടപ്പാക്കുമെന്ന് വാഗ്ദാനംചെയ്താണ് തുടക്കത്തിൽ താലിബാൻ ജനപിന്തുണ നേടിയത്. പാകിസ്ഥാന്റെ സഹായത്തോടെ പല പ്രധാന പ്രദേശങ്ങളും പിടിച്ചെടുത്തു. 1996 സെപ്തംബർ 27ന് കാബൂൾ പിടിച്ചെടുത്തു. അന്നുതന്നെ മുൻ പ്രസിഡന്റ് നജീബുള്ളയെയും സഹോദരൻ ഷാപൂർ അഹ്മദ്സായെയും ഇലക്ട്രിക് പോസ്റ്റിൽ തൂക്കിലേറ്റി.
രാജ്യം വിട്ടുപോകാൻ മുജാഹിദീൻ സർക്കാരിന്റെ പ്രസിഡന്റ് ബുർഹാനുദ്ദീൻ റബ്ബാനി അനുവദിക്കാത്തതിനാൽ നജീബുള്ള കാബൂളിലെ യുഎൻ സമുച്ചയത്തിലാണ് കഴിഞ്ഞിരുന്നത്. ശേഷം അഫ്ഗാനിസ്ഥാനെ ഇസ്ലാമിക രാജ്യമായി (ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ) പ്രഖ്യാപിച്ചു.
മുല്ല മുഹമ്മദ് ഒമർ ഭരണത്തലവനായി. വിശ്വാസികളുടെ പടത്തലവനെന്ന അർഥത്തിൽ അമീറുൾ മുമീനിൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജീവിതം ദുസ്സഹമാക്കിയ
മതനിയമങ്ങൾ
കടുത്ത നിയമങ്ങളാണ് താലിബാൻ അടിച്ചേൽപ്പിച്ചത്. പഷ്തൂണുകളുടെ ഗോത്രനിയമത്തിൽനിന്നും ശരീഅത്തിന്റെ വ്യാഖ്യാനങ്ങളിൽ നിന്നുമുള്ള നിയമമാണ് പിൻപറ്റിയത്. സ്ത്രീകൾക്ക് തലമുതൽ പാദംവരെ മറയ്ക്കുന്ന ബുർഖ ധരിക്കണമായിരുന്നു. അവർ അന്യപുരുഷന്മാരെ മുഖംകാണിക്കാൻ പാടില്ല. പട്ടം പറത്തലും പ്രാവുവളർത്തലും സംഗീതവും ടെലിവിഷനുമെല്ലാം നിരോധിച്ചു. പുരുഷന്മാർക്ക് താടി നിർബന്ധമാക്കി. താടി ചെറുതായാൽ പോലും തടവിലാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്ക് പ്രാകൃതശിക്ഷാ വിധികളാണ് നടപ്പാക്കിയത്.