അമേരിക്കയിലെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോറേജിലേക്ക് അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങൾ പരിശോധിക്കാനൊരുങ്ങി ആപ്പിൾ. ചിത്രങ്ങളിൽ കുട്ടികളെ ചൂഷണം ചെയ്യും വിധത്തിലുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തുകയാണ് കമ്പനിയുടെ ഉദ്ദേശം. ഇതിലൂടെ ചൂഷകരിൽ നിന്ന് കുട്ടികളെ രക്ഷിക്കുകയും അത്തരം ഉള്ളടക്കങ്ങളുടെ വ്യാപനം തടയാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആപ്പിൾ പറയുന്നു.
ബാല സുരക്ഷാ സംഘടനകൾ നൽകുന്ന ബാല ചൂഷണവുമായി ബന്ധപ്പെട്ട സാമ്പിൾ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ആപ്പിളിന്റെ ഐക്ലൗഡിൽ ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ നിന്ന് അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക. ഐഫോൺ ഐപാഡ് ഓഎസുകളിൽ ഇതിനുള്ള സാങ്കേതിക വിദ്യ ഉൾപ്പെടുത്തുമെന്നാണ് വിവരം.
അതേസമയം ഈ നീക്കം വലിയ സ്വകാര്യതാ ലംഘനങ്ങളിലേക്ക് നയിക്കുമെന്ന ആരോപണം ഉയരുന്നുണ്ട്. ഈ സാങ്കേതിക വിദ്യ ഉപഭോക്താക്കളുടെ സ്റ്റോറേജിലേക്ക് ഒരു പിൻവാതിൽ പ്രവേശനം സാധ്യമാക്കുമെന്ന് ഡിജിറ്റൽ അവകാശ സംഘടനങ്ങൾ ആരോപിക്കുന്നു.
എന്നാൽ ചിത്രങ്ങളിലേക്ക് തങ്ങൾക്ക് നേരിട്ട് പ്രവേശനം ലഭ്യമാവില്ലെന്നാണ് ആപ്പിൾ പറയുന്നത്. ക്രിപ്റ്റോഗ്രഫിക് സാങ്കേതിക വിദ്യയിലൂടെയാണ് ചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്യുകയെന്നും കുട്ടികളെ ചൂഷണം ചെയ്യുന്ന ചിത്രങ്ങൾ അതിൽ ഉൾപ്പെടുന്നില്ലെങ്കിൽ പരിശോധനയുടെ ഫലം വെളിപ്പെടുത്തില്ലെന്നും ആപ്പിൾ വ്യക്തമാക്കി. അത്തരം ചിത്രങ്ങൾ കണ്ടെത്തിയാൽ ആ വിവരം പോലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ മിസിങ് ആന്റ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്ന സംഘടനയെ അറിയിക്കും.
സമാനമായ മറ്റ് ഫീച്ചറുകളും ആപ്പിൾ ഉപകരണങ്ങളിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആപ്പിളിന്റെ മെസേജിങ് ആപ്ലിക്കേഷനായ മെസേജസ് വഴി അശ്ലീല ചിത്രങ്ങൾ കുട്ടികളിലേക്ക് എത്താതിരിക്കാനുള്ള സംവിധാനം അതിലൊന്നാണ്. ഫോണിൽ വരുന്ന അശ്ലീല ചിത്രങ്ങൾ മറച്ചുവെച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകും. എന്നിട്ടും കുട്ടികൾ ആ ചിത്രം കാണാൻ ശ്രമിച്ചാൽ ആ വിവരം മാതാപിതാക്കളെ അറിയിക്കും. മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ഇത് സാധ്യമാക്കുക.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഉൾപ്പടെയുള്ള കുറ്റകരമായ ഉള്ളടക്കങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പലതവണ കമ്പനികൾ നിയമക്കുരുക്കിലായിട്ടുണ്ട്. ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ ഇത്തരം ഉള്ളടക്കങ്ങളെ തടയാനുള്ള കഠിന പ്രയത്നത്തിലാണ്.
Content Highlights: Apple update will check iPhones for images of child sexual abuse