കാൺപുർ
ഉത്തർപ്രദേശിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട് ഇ–-റിക്ഷാ ഡ്രൈവറെ മകളുടെ മുന്നിൽവച്ച് മർദിച്ച സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവടക്കം ആറുപേർ അറസ്റ്റിൽ.
പിടികൂടിയതിനു പിന്നാലെ വിഎച്ച്പി പ്രാദേശിക നേതാവായ അമൻഗുപ്ത, രാജേഷ് എന്ന ജയ്, രാഹുൽ എന്നിവർക്ക് പൊലീസ് ജാമ്യം നൽകി വിട്ടയച്ചു.
അങ്കിത് വർമ, കേശു, ശിവം എന്നിവർ കസ്റ്റഡിയിലുണ്ട്. വിഎച്ച്പിക്കാർ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിച്ച് ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നേതാക്കളെ വിട്ടത്.
ബുധനാഴ്ച കാൺപുരിലെ കാച്ചി ബസ്തി മേഖലയിൽ ജനങ്ങൾ നോക്കിനിൽക്കെയാണ് നാൽപ്പത്തഞ്ചുകാരൻ അസ്റർ അഹമ്മദിനെ മർദിച്ചത്. അച്ഛനെ ഉപദ്രവിക്കരുതെന്ന് മകൾ കരഞ്ഞുപറയുന്നതിനിടയിലും മർദനം തുടരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.