ന്യൂഡൽഹി
യുപിയില് ആദിത്യനാഥ് അധികാരമേറ്റ് നാലുവര്ഷത്തിനിടെ പൊലീസ് വെടിവച്ചുകൊന്നത് 146 പേരെ. വെടിയേറ്റത് 3,302 പേർക്ക്. ക്രിമിനൽകേസ് പ്രതികളെ പിടികൂടാനെന്ന പേരിലാണ് പൊലീസ് രാജ്. ആദിത്യനാഥ് അധികാരമേറ്റ 2017 മാർച്ചിനുശേഷം ഇതുവരെ പൊലീസ് കണക്കില് 8,472 ഏറ്റുമുട്ടല്. ‘ഓപ്പറേഷൻ ലെയിം’(നടക്കാൻ കഴിയാത്ത അവസ്ഥയിലാക്കുക) എന്നാണ് ഏറ്റുമുട്ടലിനെ പൊലീസ് വിശേഷിപ്പിക്കുന്നത്.എത്രപേർക്ക് അംഗഭംഗമുണ്ടായി, കാൽമുട്ടിനുതാഴെ വെടിയേറ്റത് എത്രപേർക്ക് എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം പൊലീസ് നൽകുന്നില്ല.
13 പൊലീസുകാര് മരിച്ചു. 1,157 പേർക്ക് പരിക്കേറ്റു. ആക്രമണത്തെ പ്രതിരോധിക്കാനാണ് വെടിയുതിര്ത്തതെന്ന് എഡിജിപി പ്രശാന്ത് കിഷോര് അവകാശപ്പെടുന്നു. പൊലീസ് ഏറ്റുമുട്ടല് വര്ധിക്കുന്നതില് ആശങ്ക അറിയിച്ച് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും രംഗത്തുണ്ട്. 2019ൽ ഏറ്റുമുട്ടലുകൾ തുടർച്ചയായി നടന്നപ്പോൾ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. മീററ്റ്, ആഗ്ര, കാൺപുർ, ബറേലി ജില്ലകളിലാണ് കൂടുതൽ ഏറ്റുമുട്ടല് നടന്നത്.