ന്യൂഡൽഹി
കർഷകരോഷം അലയടിക്കുന്ന ഹരിയാനയിലെ ഏഴ് ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനാകാതെ ബിജെപി മന്ത്രിമാർ. കൈതാൽ, റോത്തക്ക്, സിർസ, കുരുക്ഷേത്ര, ജിന്ദ്, സോനിപത്ത്, ജജ്ജാർ ജില്ലകളില് പതാക ഉയര്ത്തുന്നത് ഡെപ്യൂട്ടി കമീഷണർമാർ. ചീഫ് സെക്രട്ടറി ഇറക്കിയ കാര്യപരിപാടിയിലാണ് ഇക്കാര്യമുള്ളത്.ഡൽഹി അതിർത്തിയായ സിന്ഘുവിലും ടിക്രിയിലും കർഷകപ്രക്ഷോഭങ്ങളിൽ ഈ ജില്ലകളിൽനിന്ന് ധാരാളം കർഷകർ പങ്കെടുക്കുന്നുണ്ട്.
പ്രാദേശികമായും കർഷകർ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നു. കർഷകരോഷം കാരണം ഒമ്പത് മാസമായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചാൗതാലയ്ക്കും മന്ത്രിമാർക്കും പൊതുചടങ്ങില് പങ്കെടുക്കാനാകുന്നില്ല. നിശ്ചയിച്ച പരിപാടിയടക്കം മുഖ്യമന്ത്രി റദ്ദാക്കി. റോഡ് ഒഴിവാക്കി ഹെലികോപ്ടറിലാണ് അത്യാവശ്യ യാത്രകൾ.
ബിജെപി, ജെജെപി നേതാക്കൾക്ക് ഗ്രാമങ്ങളിൽ കർഷകർ വിലക്ക് പ്രഖ്യാപിച്ചു. കർഷകരോട് സംവദിക്കാൻ ആഗസ്ത് ഒന്നുമുതൽ ‘തിരംഗ് യാത്ര’ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചെങ്കിലും നടക്കുന്നില്ല.