കൊച്ചി
വിരമിച്ച ശേഷമുള്ള മെഡിക്കൽ സ്കീമിൽനിന്ന് ബിപിസിഎല്ലിലെ ഒരുവിഭാഗം ജീവനക്കാരെ ഒഴിവാക്കിയത് കമ്പനി വിൽക്കുന്നതിന് മുന്നോടിയായ പരിഷ്കരണത്തിന്റെ ഭാഗം തന്നെ. നിശ്ചിത വർഷത്തെ സർവീസ് ഇല്ലാത്തതിന്റെപേരിൽ സ്കീമിൽനിന്ന് എന്നെന്നേക്കുമായി ഒഴിവാക്കപ്പെട്ട നാലായിരത്തോളം ജീവനക്കാർക്കായി പുതിയ മെഡിക്കൽ പദ്ധതികളും കേന്ദ്രസർക്കാർ ആലോചിക്കുന്നില്ല. ബിനോയ് വിശ്വം എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പെട്രോളിയം പ്രകൃതിവാതകമന്ത്രി ഹർദീപ് എസ് പുരി അറിയിച്ചതാണിത്.
ഒറ്റയടിക്ക് 3997 തൊഴിലാളികളെ ഒഴിവാക്കിയ പുതിയ സ്കീം കമ്പനി സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നതാണെന്നാണ് പെട്രോളിയംമന്ത്രിയുടെ മറുപടി. ഇതുവരെ ബിപിസിഎൽ മാനേജ്മെന്റ് അക്കാര്യം സമ്മതിച്ചിരുന്നില്ല. പദ്ധതി കാലാനുസൃതമാക്കുന്നതിനാണ് പരിഷ്കരണമെന്നാണ് അവകാശപ്പെട്ടിരുന്നത്. ബിപിസിഎൽ വിൽപ്പനയുടെ ഭാഗമായുള്ള മാറ്റങ്ങൾ നടപ്പാക്കുകയാണെന്നും ദീർഘകാല സുസ്ഥിരത കണക്കിലെടുത്താണ് പരിഷ്കരിച്ചതെന്നും മന്ത്രി മറുപടിയിൽ പറയുന്നു. കൊച്ചി റിഫൈനറിയിലെ 797 ജീവനക്കാരും മുംബൈ റിഫൈനറിയിലെ 270 ജീവനക്കാരും പുതിയ സ്കീംപ്രകാരം ആനുകൂല്യത്തിന് പുറത്തായെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. റിഫൈനറി ജീവനക്കാർക്കുപുറമെ ബിപിസിഎല്ലിലെ മാർക്കറ്റിങ് വിഭാഗം ജീവനക്കാർ ഉൾപ്പെടെയാണ് 3997 പേർ പദ്ധതിക്ക് പുറത്താകുന്നത്.
കഴിഞ്ഞ ജൂൺ ഒന്നുമുതലാണ് പുതുക്കിയ മെഡിക്കൽ സ്കീം നടപ്പാക്കിയത്. ജൂൺ ഒന്നിന് 25 വർഷത്തെയെങ്കിലും സർവീസ് ഉള്ളവർ മാത്രമാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുക. അതുവരെ 15 വർഷം സർവീസ് ഉള്ള മുഴുവൻപേർക്കും ആനുകൂല്യം ലഭിച്ചിരുന്നു. ബിപിസിഎല്ലിൽ ലയിക്കുന്നതിനുമുമ്പ് വിരമിക്കുമ്പോൾ 25 വർഷത്തെ സർവീസ് ഉള്ളവർക്ക് മെഡിക്കൽ പരിരക്ഷ ലഭിച്ചിരുന്നു. പിന്നീടത് 15 വർഷമായി കുറച്ചു. പുതിയ സ്കീംപ്രകാരം വിരമിക്കുമ്പോൾ എത്രവർഷത്തെ സർവീസ് ഉണ്ടായാലും പദ്ധതി നടപ്പായ 2020 ജൂൺ ഒന്നിന് 15 വർഷത്തെ സർവീസ് പൂർത്തിയാകാത്തവർക്ക് വിരമിച്ചശേഷം മെഡിക്കൽ പരിരക്ഷയുണ്ടാകില്ല. പുതിയ സ്കീമിനെതിരെ തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ജൂലൈ 16ന് മാനേജ്മെന്റിന്റെ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
2013 മെയ് 30ന് ഒപ്പിട്ട ദീർഘകാല കരാറിൽ ഉൾപ്പെടുത്തി നടപ്പാക്കിക്കൊണ്ടിരിക്കുന്ന മെഡിക്കൽ സ്കീമിൽനിന്ന് ഒരുവിഭാഗം ജീവനക്കാരെ ഏകപക്ഷീയമായി ഒഴിവാക്കിയതിനെയാണ് ചോദ്യം ചെയ്തത്. ഈ വിഷയം ഹൈക്കോടതി പരിഗണിക്കേണ്ടതില്ല എന്നാണ് മാനേജ്മെന്റ് വാദിച്ചത്.