ന്യൂഡൽഹി
അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടി ജനാധിപത്യവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി. ട്വിറ്ററിൽ രണ്ട് കോടിയോളം പേർ പിന്തുടരുന്നു. അറിയാനുള്ള അവരുടെ അവകാശം നിഷേധിച്ചു.
രാജ്യത്തെ ജനാധിപത്യസംവിധാനത്തിനുനേരെയുള്ള ആക്രമണമാണിത് –-യുട്യൂബ് വീഡിയോയിൽ രാഹുൽ പറഞ്ഞു.പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ട്വിറ്ററും സർക്കാരിനെ അനുസരിക്കുകയാണെന്ന് ഇപ്പോൾ വ്യക്തമായി–- രാഹുൽ പറഞ്ഞു.
ഡൽഹിയിൽ ബലാത്സംഗംചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ദളിത് ബാലികയുടെ രക്ഷിതാക്കൾക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തുവെന്ന പേരിലാണ് രാഹുല്‍, രൺദീപ് സുർജെവാല, അജയ് മാക്കൻ, സുഷ്മിത ദേബ്, മാണിക്യം ടാഗോർ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത്.