ന്യൂഡൽഹി
പഴയ വാഹനം പൊളിച്ചുവിൽക്കാന് തയ്യാറാകുന്നവര്‍ക്ക് പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ പണം നൽകേണ്ട. റോഡ് നികുതിയിലും ഇളവ് ലഭിക്കും. 15 വർഷമായ വാണിജ്യവാഹനങ്ങളും 20 വർഷമായ സ്വകാര്യവാഹനങ്ങളും ഒഴിവാക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് ഇത്. ഗുജറാത്ത് നിക്ഷേപക സംഗമം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പദ്ധതിയുടെ വിശദാംശം അറിയിച്ചത്.
പഴയത് പൊളിക്കാൻ നൽകി പുതിയ വാഹനം വാങ്ങുന്നവർക്ക് വിലയിൽ അഞ്ച് ശതമാനം കിഴിവ് നൽകാൻ വാഹന കമ്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. പൊളിക്കാൻ നൽകുന്ന വാഹനത്തിന് കമ്പനിവിലയുടെ നാലുമുതൽ ആറു ശതമാനംവരെ ആക്രിവില ലഭിക്കും.
വാഹനം പൊളിച്ചുവിൽക്കാൻ അടിസ്ഥാനസൗകര്യം സ്ഥാപിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. ഈ മേഖലയില്‍ 10,000 കോടി രൂപയുടെ നിക്ഷേപം വരുമെന്ന് മോഡി അവകാശപ്പെട്ടു. 20 വർഷം പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനം രാജ്യത്ത് ഓടുന്നുണ്ടെന്നാണ് കണക്ക്. 15 വർഷം പിന്നിട്ട 17 ലക്ഷം മീഡിയം, ഹെവി വാഹനവും ഓടുന്നു.