കാബൂൾ
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെയും മുന്നാമത്തെയും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും പൂർണമായും പിടിച്ച് മണിക്കൂറുകൾക്കകം നാല് പ്രവിശ്യാ തലസ്ഥാനംകൂടി നിയന്ത്രണത്തിലാക്കി താലിബാൻ. ഇതോടെ ആകെയുള്ള 34 പ്രവിശ്യയിൽ 18ഉം താലിബാന്റെ നിയന്ത്രണത്തിലായി. വടക്കൻമേഖല ഉൾപ്പെടെ രാജ്യത്തിന്റെ 80 ശതമാനത്തിലധികം പ്രദേശവും ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്.
തെക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്ചത്തെ മിന്നൽ ആക്രമണം. 20 വർഷത്തെ സൈനിക സാന്നിധ്യത്തിൽ നാറ്റോ–- അമേരിക്കൻ സേനകൾ അനവധി രക്തരൂക്ഷിത പോരാട്ടങ്ങൾ നടത്തിയ ഹെൽമണ്ടും പിടിച്ചെടുത്തു. രാജ്യത്തെ പ്രധാന മയക്കുമരുന്ന് (കറുപ്പ്) കേന്ദ്രവുമാണിത്. സാബൂൾ, ഉറുസ്ഗാൻ പ്രവിശ്യകൾകൂടി പിടിച്ചതോടെ തെക്കൻമേഖല പൂർണമായും താലിബാൻ അധീനതയിലായി. പടിഞ്ഞാറ് ഗോർ പ്രവിശ്യയും പിടിച്ചെടുത്തു.
തലസ്ഥാനമായ കാബൂളിനെ വളയുന്ന രീതിയിലാണ് താലിബാൻ മുന്നേറ്റം. 80 കിലോമീറ്റർമാത്രം അകലെയുള്ള ലോഗർ പ്രവിശ്യയിലും താലിബാൻ കടന്നുകയറ്റം ആരംഭിച്ചു. പ്രവിശ്യാ തലസ്ഥാനം പുലീ ആലമിലെ പൊലീസ് ആസ്ഥാനവും ജയിലും പിടിച്ചെടുത്തെന്ന അവകാശവാദം കൗൺസിൽ മേധാവി ഹസിബുള്ള സ്താനിക്സായി നിഷേധിച്ചു. ആഴ്ചകൾ നീണ്ട പോരാട്ടത്തിലാണ് താലിബാൻ ഹെൽമണ്ട് തലസ്ഥാനം ലഷ്കർ ഘാ പിടിച്ചെടുത്തത്. സൈനികത്താവളം സർക്കാർ നിയന്ത്രണത്തിലാണ്. സാബൂൾ തലസ്ഥാനം ഖലാത്തിലും ഉറുസ്ഗാൻ തലസ്ഥാനം തിരിൻ കോട്ടിലും സൈന്യം കീഴടങ്ങി. രണ്ടാഴ്ചത്തെ പോരാട്ടത്തിനൊടുവിലാണ് ഹെറാത്തിന്റെ പതനം. മുൻ ഗവർണറും തദ്ദേശീയ പ്രമുഖനുമായ ഇസ്മയിൽ ഖാന്റെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇസ്മയിൽ ഖാനെ പിടികൂടിയ താലിബാൻ അതിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു.
അമേരിക്ക അഫ്ഗാൻ സൈന്യത്തിന് നൽകിയ രണ്ട് ഹെലികോപ്ടറും കൈയടക്കി. താലിബാന്റെ ജന്മസ്ഥലം കൂടിയായ കാണ്ഡഹാറിൽ ഗവർണറുടെ ആസ്ഥാനമടക്കം അവരുടെ കൈയിലാണ്. മറ്റിടങ്ങളിൽ തോൽവി നേരിട്ട സൈന്യവും ഗവർണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും കാബൂളിലേക്ക് നീങ്ങുകയാണ്. അവശേഷിക്കുന്ന എല്ലാ ശക്തിയും സമാഹരിച്ച് തലസ്ഥാനം കാക്കാനാണ് അഫ്ഗാൻ സർക്കാർ ശ്രമം.