ന്യൂഡൽഹി
രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങൾക്കുനേരെ ഉണ്ടായ ആക്രമണത്തിലും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ സമ്മേളനം വെട്ടിച്ചുരുക്കിയതിലും പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ മാര്ച്ച് നടത്തി. പാർലമെന്റിൽനിന്ന് വിജയ് ചൗക്കിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിപക്ഷത്തിന് നീതി ലഭ്യമാക്കണമെന്നും സർക്കാരിന്റെ അഹന്ത അവസാനിപ്പിക്കണമെന്നും നേതാക്കൾ രാജ്യസഭാ അധ്യക്ഷൻ എം വെങ്കയ്യനായിഡുവിന് നല്കിയ കത്തില് ആവശ്യപ്പെട്ടു. രാജ്യസഭയിൽ കഴിഞ്ഞ ദിവസം പുറത്തുനിന്നുള്ളവർ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും ഇത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നും നേതാക്കൾ പറഞ്ഞു.
വനിതാ അംഗങ്ങളെയും ആക്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ എത്തിയ ഗുണ്ടകളാണ് എംപിമാരെ ആക്രമിച്ചത്. രാജ്യസഭ ടിവി സംപ്രേഷണം നിർത്തി. പാർലമെന്റിൽ മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കുന്നില്ല. മോഡി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്– -വിജയ് ചൗക്കിൽ പ്രതിപക്ഷ എംപിമാർ പറഞ്ഞു.
രാജ്യത്തെ വിൽക്കാനുള്ള വെപ്രാളത്തിലാണ് മോഡി സർക്കാർ ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എളമരം കരീം, തിരുച്ചി ശിവ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ സംസാരിച്ചു. അതേസമയം, സഭയിലെ സര്ക്കാര് നടപടി ന്യായീകരിക്കാന് വ്യാഴാഴ്ച ഏഴു കേന്ദ്രമന്ത്രിമാര് വാര്ത്താസമ്മേളനം വിളിച്ചു. പ്രതിപക്ഷ അംഗങ്ങളാണ് സഭയില് കുഴപ്പമുണ്ടാക്കിയതെന്നാണ് അവരുടെ ആരോപണം.