ന്യൂഡൽഹി
സുരക്ഷയ്ക്ക് നിയുക്തരായ മാർഷലുമാരുടെ വേഷത്തിൽ പുറത്ത്നിന്ന് അക്രമികളെ പാർലമെന്റിൽ കൊണ്ടുവന്നതായി പരാതി. ഇവരെ രാജ്യസഭയിൽ കൊണ്ടുവന്ന് വനിതകൾ അടക്കമുള്ള എംപിമാരെ ആക്രമിച്ചെന്ന് പ്രതിപക്ഷനേതാക്കള്. വിയോജിപ്പിന്റെ ശബ്ദത്തെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ എംപിമാർ പ്രതിഷേധിച്ചപ്പോഴാണ് ആക്രമണം. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. സഭയുടെ അന്തസ്സിന് ക്ഷതമേൽപ്പിച്ച നടപടിയാണ് ഇതെന്ന് 14 പ്രതിപക്ഷ പാർടി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ, പ്രതിപക്ഷ എം പിമാര് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുവരുത്താന് സര്ക്കാര് ശ്രമം തുടങ്ങി.
ഒബിസി നിര്ണയാധികാരം സംസ്ഥാനങ്ങള്ക്ക് തിരികെ നല്കുന്ന ഭരണഘടന ഭേദഗതി ബില് പ്രതിപക്ഷ സഹകരണത്തോടെ പാസാക്കിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ട് ജനറല് ഇന്ഷുറന്സ് ബില് തിരക്കിട്ട് അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്ത്തു. ഇതോടെയാണ് ആസൂത്രിത നീക്കമുണ്ടായത്. പെഗാസസ് ചാരവൃത്തി, കർഷകദ്രോഹനയങ്ങൾ, വിലക്കയറ്റം, സാമ്പത്തികസ്ഥിതി എന്നിവയില് പ്രതിപക്ഷം തുടക്കംമുതൽ ചർച്ച ആവശ്യപ്പെട്ടെങ്കിലും സര്ക്കാര് തയ്യാറായില്ല. പെഗാസസില്നിന്ന് സർക്കാർ ഒളിച്ചോടിയത് സഭാ സ്തംഭനത്തിനിടയാക്കി. സഭാസ്തംഭനം അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യത്തെ അഹന്തയോടെയാണ് കേന്ദ്രം നേരിട്ടത്.
ഭൂരിപക്ഷം ഉപയോഗിച്ച് ബില്ലുകൾ ചർച്ചകൂടാതെ പാസാക്കി. പാർലമെന്റിനെ നോക്കുകുത്തിയാക്കി നിയമനിർമാണം നടത്തി. നടപടിക്രമവും ചട്ടവും ജനാധിപത്യമര്യാദയും കാറ്റിൽ പറത്തി. പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയെന്ന കള്ള പ്രചാരണവും സർക്കാർ നടത്തി–-പ്രസ്താവനയിൽ പറഞ്ഞു.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം, ബിനോയ് വിശ്വം (സിപിഐ), ശരദ് പവാർ (എന്സിപി), ടി ആർ ബാലു, തിരുച്ചി ശിവ (ഡിഎംകെ), അധീർ രഞ്ജൻ ചൗധരി, ആനന്ദ് ശർമ (കോൺഗ്രസ്), രാംഗോപാൽ യാദവ് (എസ്പി), സഞ്ജയ് റാവത്ത് (ശിവസേന), മനോജ് ഝാ (ആർജെഡി), ഇ ടി മുഹമ്മദ് ബഷീർ (ഐയുഎംഎൽ), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), തോമസ് ചാഴിക്കാടൻ (കേരള കോൺഗ്രസ് എം) എന്നിവരാണ് പ്രസ്താവന ഇറക്കിയത്.