കാൺപുർ
ഉത്തർപ്രദേശിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട് ഇ -റിക്ഷാ ഡ്രൈവറെ ബാലികയായ മകളുടെ മുന്നിൽവച്ച് സംഘപരിവാർ അക്രമികൾ മർദിച്ചു. കാൺപുരിലെ കാച്ചി ബസ്തി മേഖലയിൽ ജനങ്ങൾ നോക്കിനിൽക്കെയാണ് മർദനം.
45 വയസ്സുള്ള ഇയാളെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അച്ഛനെ ഉപദ്രവിക്കരുതെന്ന് മകൾ കരഞ്ഞുപറയുന്നതിനിടയിലും മർദനം തുടർന്നു. പൊലീസെത്തി ഇവരെ രക്ഷിച്ച് കൊണ്ടുപോകുന്നതിന് ഇടയിലും അക്രമികൾ മർദനം തുടർന്നു. ഇയാൾക്ക് ബന്ധമുള്ള ഒരു മുസ്ലിംകുടുംബവും അയൽക്കാരായ ഹിന്ദുകുടുംബവും തമ്മിൽ തർക്കവും കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൈലാഞ്ചി വിൽപ്പനക്കാരന് മർദനം
മുസഫർനഗറിൽ മൈലാഞ്ചി വിൽപ്പനക്കാരനെ മർദിച്ച 25 തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹിന്ദു സ്ത്രീകളുടെ കൈയിൽ മുസ്ലിങ്ങൾ മൈലാഞ്ചി പുരട്ടരുതെന്ന് പ്രചാരണം നടത്തുന്ന ക്രാന്തി സേനാംഗങ്ങളാണ് ആക്രമണം നടത്തിയത്. ഇത്തരം പ്രവർത്തനങ്ങൾ ‘ലൗ ജിഹാദി’ന്റെ ഭാഗമാണെന്നാണ് ഇവരുടെ ആരോപണം.