തിരുവനന്തപുരം
രാജ്യത്ത് ഓക്സിജൻ കിട്ടാതെ ആശുപത്രികളിൽ കോവിഡ് രോഗികൾ മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാർവാദം പച്ചക്കള്ളം. രണ്ടാം കോവിഡ് തരംഗം ആരംഭിച്ചതുമുതൽ ആഗസ്ത് മൂന്നുവരെ 126 സംഭവത്തിലായി 682 പേരാണ് ഓക്സിജൻ കിട്ടാതെ ആശുപത്രികളിൽ മരിച്ചത്.
കൂടുതൽ മരണവും സർക്കാർ ആശുപത്രികളിൽ. 19 സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലുമാണ് ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിച്ചത്.
കേരളമൊഴികെ എല്ലാ വലിയ സംസ്ഥാനത്തും സർക്കാരുകളുടെ കുറ്റകരമായ അനാസ്ഥമൂലം കോവിഡ് രോഗികൾക്ക് ഇത് സംഭവിച്ചു. വാർത്തകളെ അടിസ്ഥാനമാക്കി അഭിഭാഷക, ഗവേഷക, വിദ്യാർഥി കൂട്ടായ്മ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഓക്സിജൻ കിട്ടാതെ മരിച്ച എല്ലാവരുടെയും വിവരം ഇതിൽ ഉൾപ്പെട്ടിട്ടില്ല.
ഗോവയിൽ
കൂട്ടക്കുരുതി
ഗോവയിൽ 83 പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. സർക്കാരിന്റെ വീഴ്ച തുറന്നു കാണിക്കുന്നതാണ് ഗോവയിലെ മരണങ്ങൾ. എല്ലാ മരണവും ഗോവ മെഡിക്കൽ കോളേജിലായിരുന്നു. അതും തുടർച്ചയായ അഞ്ച് ദിവസത്തിൽ. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. മെയ് 11ന് 26 പേർ മരിച്ചു. മിക്ക മരണവും രാത്രി രണ്ടിനും പുലർച്ചെ ആറിനുമിടയിലായിരുന്നു. 90 മിനിറ്റ് വരെ ഓക്സിജന്റെ അളവ് കുറഞ്ഞ സംഭവവും ഗോവ മെഡിക്കൽ കോളേജിലുണ്ടായി. ഏറ്റവും കൂടുതൽ പേർ മരിച്ചത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ്. 88 പേർ.
ഏറ്റവും കൂടുതൽ ദിവസം ഓക്സിജൻ കിട്ടാതെയുള്ള മരണം നടന്നത് ഉത്തർപ്രദേശിലാണ്–- 19 ദിവസം. 55 രോഗികൾ മരിച്ചു. കർണാടകത്തിലെ ചാമരാജൻ നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മെയ് മൂന്നിന് മരിച്ചത് 36 പേരാണ്.