ന്യൂഡൽഹി
പ്രതിപക്ഷത്തെ നേരിടാന് സഭയ്ക്കുള്ളിൽ മാർഷൽമാരെ കൂട്ടത്തോടെ ഇറക്കി ജനറൽ ഇൻഷുറൻസ് സ്വകാര്യവൽക്കരണ ബിൽ രാജ്യസഭയിൽ കേന്ദ്ര സർക്കാർ പാസാക്കി. പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ചു. മാർഷൽമാരുടെ ബലപ്രയോഗത്തിൽ പ്രതിപക്ഷത്തെ വനിതാ എംപിമാർക്ക് പരിക്കേറ്റെന്ന് പരാതി. ഒബിസി നിര്ണയാധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകിയ ഭരണഘടന ഭേദഗതി ബിൽ പ്രതിപക്ഷ സഹകരണത്തോടെ പാസാക്കിയശേഷമാണ് സഭയിൽ അത്യപൂർവ രംഗങ്ങൾ.
വൈകിട്ട് ആറ് കഴിഞ്ഞതിനാൽ തുടർനടപടി അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്, മൂന്ന് നിരയായി മാർഷൽമാരെ വിന്യസിച്ച ചെയര്, ധനമന്ത്രി നിർമല സീതാരാമനോട് ബിൽ അവതരിപ്പിക്കാൻ നിർദേശിച്ചു. പ്രതിപക്ഷമാകെ ഇളകിമറിഞ്ഞു. മുന്നോട്ടുവന്ന അംഗങ്ങളെ മാർഷൽമാർ തടഞ്ഞു. ബിൽ പാസായെന്ന് ബഹളത്തിനിടെ പ്രഖ്യാപനം വന്നു.അമ്പത്തഞ്ച് വർഷത്തെ പാർലമെന്ററി അനുഭവത്തിൽ ഇതുപോലെ ഒറ്റ സർക്കാരും പ്രവർത്തിച്ചിട്ടില്ലെന്ന് ശരദ് പവാർ (എൻസിപി) പറഞ്ഞു. ഭരണഘടനാ ധ്വംസനമാണ് നടത്തിയതെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. സഭയിൽ എംപിമാരേക്കാൾ കൂടുതൽ മാർഷൽമാർ ഉണ്ടായിരുന്നെന്ന് ഡെറിക് ഒബ്രിയൻ (ടിഎംസി) പറഞ്ഞു. ലോക്സഭയിലും ചര്ച്ച കൂടാതെയാണ് കഴിഞ്ഞയാഴ്ച ബില് പാസാക്കിയത്.
കൈയൊഴിഞ്ഞ് കേന്ദ്രം
ജനറൽ ഇൻഷുറൻസ് കോർപറേഷനിലും അനുബന്ധ സ്ഥാപനങ്ങളായ നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ എന്നിവയിലും കേന്ദ്ര സർക്കാരിന് 51 ശതമാനമെങ്കിലും ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്ന 1972ലെ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്. കേന്ദ്ര സർക്കാരിന് ഇൻഷുറൻസ് കമ്പനികളിൽ നയപരമായ തീരുമാനമെടുക്കാനുള്ള അവകാശവും ഭൂരിപക്ഷം ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശവും ഇല്ലാതായി. ജീവനക്കാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനം പുതിയ ഡയക്ടർ ബോർഡിന് മാറ്റാം.
പ്രതിപക്ഷ പ്രതിഷേധം: ഉറങ്ങാനായില്ലെന്ന് വെങ്കയ്യ
ചില പ്രതിപക്ഷ അംഗങ്ങൾ സഭയുടെ അന്തസ്സ് തകർത്തുവെന്നും കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളെത്തുടർന്ന് ഉറങ്ങാനായില്ലെന്നും രാജ്യസഭ അധ്യക്ഷൻ വെങ്കയ്യനായിഡു. ചിലർ മേശപ്പുറത്ത് കയറിയിരുന്നു. ചിലർ മേശയുടെ മുകളിൽ കയറിനിന്നു. ഇതിനെ അപലപിക്കാൻ വാക്കുകളില്ല. കോലാഹലദൃശ്യങ്ങൾ എംപിമാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത് ശരിയായില്ല–-സഭയിൽ നടത്തിയ പ്രസ്താവനയിൽ നായിഡു പറഞ്ഞു.ഇതിനിടെ, സഭയിൽ കോൺഗ്രസ് അംഗം പ്രതാപ് സിങ് ബജ്വ മേശപ്പുറത്ത് കയറിനിന്ന് റൂൾബുക്ക് എടുത്ത് എറിയുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നു. താൻ ചെയ്തതിൽ ഖേദമില്ലെന്നും കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ അനുവദിച്ചില്ലെങ്കിൽ 100 പ്രാവശ്യം ഇത് ആവർത്തിക്കുമെന്നും ബജ്വ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയനും പ്രതിഷേധദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു.