കൊൽക്കത്ത
തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, കാർഷിക നിയമം പിൻവലിക്കുക, വൈദ്യുതിഭേദഗതി ബിൽ പിൻവലിക്കുക, ഇന്ധനവില വർധന നിയന്ത്രിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ ബഹുജനസംഘടനകൾ ബംഗാളിലാകെ റാലികളും പ്രകടനങ്ങളും സംഘടിപ്പിച്ചു.
രാജ്യത്തെ രക്ഷിക്കുകയെന്ന ആഹ്വാനവുമായി നടന്ന സംയുക്ത പ്രക്ഷോഭത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ജില്ലാ–-ബ്ലോക്ക് –-പഞ്ചായത്ത് തല ആസ്ഥാനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റാലികളും ധർണയും നടന്നു. കൊൽക്കത്തയിൽ നടന്ന ധർണയിൽ സിഐടിയു പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി ആനാവി സാഹു, കർഷകസംഘം പ്രസിഡന്റ് സഞ്ജയ് പുതുതുണ്ഡ എന്നിവർ സംസാരിച്ചു. താംലുക്കിലെ റാലിയിൽ ആയിരങ്ങൾ പങ്കാളികളായി. പലയിടത്തും സംസ്ഥാനത്തെ തൃണമൂൽ സർക്കാരിനെതിരെയും പ്രതിഷേധമുയർന്നു. പലയിടത്തും സമരക്കാർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചു.