വാഷിങ്ടൺ
അഫ്ഗാൻ വിഷയം പാക് സൈനിക മേധാവി ജന. ജാവേദ് ബാജ്വയുമായി ചർച്ച ചെയ്ത് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ആവശ്യമായ കാര്യങ്ങളും അഫ്ഗാൻ–- പാക് അതിർത്തിയിലെ താലിബാൻ കേന്ദ്രങ്ങൾ അടയ്ക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തെന്ന് പെന്റഗൺ അറിയിച്ചു. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ മുൻ ഇടപെടലുകൾ ഗുണകരമായിരുന്നെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.
പാകിസ്ഥാനിൽനിന്ന് തീവ്രവാദികൾ അഫ്ഗാനിൽ കടക്കുന്നുണ്ടെന്ന് മുമ്പ് അമേരിക്ക ആരോപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കയ്ക്ക് പിഴച്ചെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും കുറ്റപ്പെടുത്തി. ഇതിനിടെയാണ് സഹായം ആവശ്യപ്പെട്ട് ലോയ്ഡ് പാക് സൈനിക മേധാവിയെ വിളിച്ചത്. മേഖലയിൽ സമാധാനം പാകിസ്ഥാന്റെയും ആവശ്യമാണെന്ന് പെന്റഗൺ പറഞ്ഞു.
അതേസമയം, അഞ്ച് ദിവസത്തിനിടയിൽ താലിബാൻ പിടിച്ചെടുത്ത പ്രവിശ്യകളുടെ എണ്ണം ഏഴായി. തെക്കുപടിഞ്ഞാറൻ പ്രവിശ്യ ഫറായാണ് ചൊവ്വാഴ്ച പിടിച്ചെടുത്തത്. ഗവർണറുടെ ഓഫീസും പൊലീസ് ആസ്ഥാനവും പിടിച്ചെടുത്തു. പ്രസിഡന്റ് അഷ്റഫ് ഘാനി താലിബാനെ നേരിടാൻ തദ്ദേശ സായുധ സംഘങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. രാജ്യത്തിന്റെ 65 ശതമാനവും താലിബാൻ നിയന്ത്രണത്തിലാണെന്ന് യൂറോപ്യൻ യൂണിയൻ റിപ്പോർട്ടിൽ പറയുന്നു. 11 പ്രവിശ്യാ തലസ്ഥാനം അടുത്തുതന്നെ താലിബാൻ കീഴടക്കിയേക്കും. ആകെയുള്ള 34 പ്രവിശ്യയിൽ 25ലും പോരാട്ടം രൂക്ഷമാണ്. രണ്ടുമാസത്തിനിടെ നാലുലക്ഷം പേർ ഭവനരഹിതരായി.
ഇന്ത്യക്കാരെ
ഒഴിപ്പിക്കുന്നു
അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളായ സാഹചര്യത്തിൽ അവിടെനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും. പ്രത്യേക വിമാനങ്ങളിൽ ഇവരെ നാട്ടിലെത്തിക്കും. ചൊവ്വാഴ്ച വൈകിട്ട് ആദ്യവിമാനം മസാരെ ഷെരീഫിൽനിന്ന് തിരിച്ചു. അഫ്ഗാനിസ്ഥാനിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് നിർദേശം നൽകി.