ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി സമീപിച്ചവർ മാധ്യമങ്ങളിൽ സമാന്തരവാദം നടത്തരുതെന്ന് സുപ്രീംകോടതി. നീതിന്യായസംവിധാനത്തിൽ വിശ്വസിക്കണമെന്നും പറയാനുള്ളത് സത്യവാങ്മൂലമായി നൽകണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. വിഷയം കോടതി ഗൗരവത്തോടെയാണ് കാണുന്നത്. കേസ് 16ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ഫെയ്സ്ബുക്കിലും ട്വിറ്ററിലും പത്രങ്ങളിലും അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. കോടതിയെ സമീപിച്ചാൽ പിന്നീട് വാദം നടക്കേണ്ടത് കോടതിമുറിയിലാണ്. കോടതിയിൽ അങ്ങോട്ടുമിങ്ങോട്ടും ചോദ്യങ്ങൾ വരും. അത് എപ്പോഴും സുഖകരമാകണമെന്നില്ല. പക്ഷേ, അതാണ് പ്രക്രിയ–-ചീഫ് ജസ്റ്റിസ് പറഞ്ഞു. നിർദേശം കക്ഷികളെ അറിയിക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ പ്രതികരിച്ചു.
ഓൺലൈൻ വാദത്തിനിടെ കോടതിമുറിയിലെ ദൃശ്യങ്ങളും ശബ്ദവും അവ്യക്തമായത് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി. മുന്നൂറിൽപ്പരം പേർ ഓൺലൈനിൽ കയറിയിട്ടുണ്ടെന്നും സാങ്കേതികസംവിധാനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.