ന്യൂഡൽഹി
എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ അതത് ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് സുപ്രീംകോടതി. ഇവ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതികളിലെ ജഡ്ജിമാരെ, വീണ്ടും ഉത്തരവ് ഇറക്കുംവരെ സ്ഥലംമാറ്റരുതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ വിനീത് ശരൺ, സൂര്യകാന്ത് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ഡിവിഷൻബെഞ്ചിന്റെ നിർദേശം.
വിരമിക്കുന്ന ജഡ്ജിമാർക്ക് സുപ്രീംകോടതി നിർദേശം ബാധകമല്ല. അത്യാവശ്യം സ്ഥലംമാറ്റങ്ങൾക്ക് ഹൈക്കോടതി രജിസ്ട്രാർ ജനറൽമാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകണമെന്ന -അമിക്കസ് ക്യൂറി വിജയ് ഹൻസാരിയയുടെ ശുപാർശ കോടതി അംഗീകരിച്ചു. ഹൻസാരിയ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. മുസഫർനഗർ കലാപക്കേസുകളിൽ പ്രതികളായ സംഗീത് സോം, സുരേഷ് റാണ, കപിൽ ദേവ്, സാധ്വി പ്രാച്ചി എന്നീ എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നു. കർണാടകത്തിൽ എംഎൽഎമാർ പ്രതികളായ 61 കേസ് പിൻവലിക്കാൻ സംസ്ഥാനസർക്കാർ ഉത്തരവിട്ടു. 2019 ഡിസംബർ 31നുമുമ്പ് രാഷ്ട്രീയപ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര ശ്രമിക്കുന്നുവെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.