ന്യൂഡൽഹി
സർക്കാരിന്റെ പിടിവാശിയിൽ രാജ്യസഭ വീണ്ടും സ്തംഭിച്ചു. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ചെയറിനു മുന്നിൽ ഇരിപ്പ്സമരം നടത്തി. പ്രശ്നപരിഹാരത്തിന് ചേർന്ന കക്ഷിനേതാക്കളുടെ യോഗവും പരാജയപ്പെട്ടു. ബുധനാഴ്ചയും സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
രാവിലെ തടസ്സപ്പെട്ടശേഷം രണ്ടിന് സഭ വീണ്ടും ചേർന്നപ്പോൾ കർഷകപ്രക്ഷോഭത്തിൽ പരിമിത അജൻഡയോടെ ചർച്ചയാകാമെന്ന നിലപാടായിരുന്നു സർക്കാരിന്. പ്രശ്നം ചർച്ചചെയ്തുവെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതോടെ പ്രതിപക്ഷഅംഗങ്ങൾ നടുത്തളത്തിലിറങ്ങി. വി ശിവദാസൻ, ബിനോയ് വിശ്വം തുടങ്ങിയവർ നേതൃത്വം നൽകി. സഭ നിർത്തിവച്ച് കക്ഷിനേതാക്കളുടെ യോഗം ചേർന്നപ്പോൾ സർക്കാർ കൂടുതൽ ഒറ്റപ്പെട്ടു. ജനറൽ ഇൻഷുറൻസ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തെ ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർടികളും പിന്തുണച്ചു. എഐഎഡിഎംകെ മാത്രമാണ് സർക്കാരിനൊപ്പം നിന്നത്.
ഇൻഷുറൻസ് ബിൽ അടുത്തദിവസംതന്നെ പാസാക്കണമെന്ന നിലപാടിൽ സർക്കാർ നിന്നു. പെഗാസസിൽ ചർച്ചയില്ലെന്നും മന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി എന്നിവർ വ്യക്തമാക്കി. സർക്കാരിന്റെ കടുംപിടിത്തമാണ് സഭ സ്തംഭിപ്പിക്കുന്നതെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു.