കൊച്ചി
കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേലും കുടുംബവും വിദേശത്തേക്ക് കടക്കാൻ ലക്ഷ്യമിട്ടിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). തട്ടിയെടുത്ത പണത്തിന്റെ ഭൂരിഭാഗവും ഓസ്ട്രേലിയ, ദുബായ് എന്നിവിടങ്ങളിൽ ബിനാമി പേരിൽ നിക്ഷേപിച്ചതായി ഇഡി കണ്ടെത്തി. സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കിയ തോമസിനെ 18 വരെ റിമാൻഡ് ചെയ്തു.
തോമസിന്റെ മകളും കമ്പനി സിഇഒയുമായ റിനു മറിയം തോമസിന് 13 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് നടത്തിയത്. തോമസിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിലും ദുബായിലുമുണ്ട്. തട്ടിയെടുത്ത പണവുമായി ഓസ്ട്രേലിയയിലേക്കോ ദുബായിലേക്കോ കടക്കാനായിരുന്നു പദ്ധതി. ആരുടെ പേരിലാണ് പണം വിദേശത്തേക്ക് കടത്തിയതെന്ന് ഇഡി അന്വേഷിക്കും. വിദേശത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. തിങ്കളാഴ്ച ആറുമണിക്കൂറിലേറെ ചോദ്യം ചെയ്തശേഷമാണ് തോമസിന്റെയും റിനുവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
റാന്നി കേന്ദ്രമായ പോപ്പുലർ ഫിനാൻസിന് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടകം, ഹരിയാന എന്നിവിടങ്ങളിലായി 280 ബ്രാഞ്ചുണ്ട്. നിക്ഷേപത്തിന് വൻതുക പലിശ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് 2000 കോടി തട്ടിയത്.
കോവിഡിനെ തുടർന്ന് നിക്ഷേപകർ പണം തിരികെയെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കേരളത്തിന് അകത്തും പുറത്തുമായി 1368 കേസാണ് കമ്പനിക്കെതിരെയുള്ളത്. കഴിഞ്ഞവർഷമാണ് തോമസ്, ഭാര്യ പ്രഭ, മൂന്ന് പെൺമക്കൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്.